മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം; കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍

VM sudheeran

തിരുവനന്തപുരം: മദ്യനയത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ആധിക്യം വലിയ ദുരന്തത്തിലേക്കാണ് സംസ്ഥാനത്തെ എത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ വ്യാപിക്കുന്നു. റോഡപകടങ്ങള്‍ വര്‍ധിക്കുന്നു. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. സംസ്ഥാന സര്‍ക്കാര്‍ മദ്യ വ്യാപനത്തിനാണ് മുന്‍തൂക്കം നല്‍കുന്നത്. മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും വി.എം സുധീരന്‍ പറഞ്ഞു.

ഇടത് മുന്നണി പ്രകടന പത്രികയില്‍ പറഞ്ഞതിന് വിരുദ്ധമാണ് ഇപ്പോള്‍ അവര്‍ ചെയ്യുന്നത്. തലമുറകളുടെ നാശത്തിനാണ് സര്‍ക്കാര്‍ തീരുമാനം വഴിവയ്ക്കുക. മദ്യവിമുക്ത കേരളമാണ് കോണ്‍ഗ്രസ് ലക്ഷ്യം. സമ്പൂര്‍ണ മദ്യനിരോധനം വേണം. വ്യാപനം നിയന്ത്രിക്കാന്‍ നടപടി വേണമെന്നും വി.എം സുധീരന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തില്‍ എതിര്‍പ്പുമായി സിപിഐ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സിയും രംഗത്തെത്തിയിട്ടുണ്ട്. പുതിയ മദ്യയനം കള്ളുവ്യവസായത്തെ തകര്‍ക്കുമെന്നാണ് ആരോപണം. റിസോര്‍ട്ടുകളിലും റസ്റ്റോറന്റുകളിലും കള്ള് ചെത്ത് അനുവദിക്കാന്‍ പാടില്ലെന്നാണ് എഐടിയുസി നിലപാട്. രജിസ്‌ട്രേഡ് തൊഴിലാളികള്‍ക്കാണ് കള്ളുചെത്താനുള്ള അവകാശം. ബാഹ്യ ഏജന്‍സികള്‍ക്ക് അനുമതി നല്‍കിയാല്‍ അരാജകത്വമായിരിക്കും ഫലം. ടോഡി ബോര്‍ഡ് രൂപീകരണത്തെക്കുറിച്ച് മദ്യനയം മൗനം പാലിക്കുകയാണെന്നും എഐടിയുസി ആരോപിച്ചു.

Top