വിഴിഞ്ഞം തുറമുഖ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ശ്രമിക്കണം; ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ശ്രമിക്കണക്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒത്തുതീര്‍ക്കാനുള്ള ചര്‍ച്ച ഫലം കാണാത്തത് ആശങ്കാജനകമാണ്. തുറമുഖ നിര്‍മാണത്തിന് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയുള്ള ഈ സമയത്ത് 18 ദിവസമായി തുടരുന്ന സമരത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ നഷ്ടത്തിന് പരിഹാരം കാണുകയും നിലവിലുള്ള മത്സ്യബന്ധന തുറമുഖത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കി നിര്‍മാണ പ്രതിസന്ധി അവസാനിപ്പിക്കുകയും ചെയ്തില്ലെങ്കില്‍ വിഴിഞ്ഞം തുറമുഖ നിര്‍മാണം അനന്തമായി നീണ്ട് വലിയ സാമ്പത്തിക നഷട്ടത്തിന് ഇടയാക്കും.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബൃഹത്തായ പുനരധിവാസ പാക്കേജ് നടപ്പാക്കിയശേഷമാണ് നിര്‍മാണ പ്രവര്‍ത്തനം തുടങ്ങിയത്. പാക്കേജില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാതെ വന്ന അര്‍ഹരായവരുടെ പ്രശ്നവും പദ്ധതി നിര്‍മാണം സംബന്ധിച്ച പ്രശ്നവും പരിഹരിക്കുന്നതിനുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. എന്നാല്‍, ഇക്കാര്യങ്ങളില്‍ തുടര്‍ചര്‍ച്ചയോ പരാതി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളോ സര്‍ക്കാരിന്റ ഭാഗത്തുനിന്ന് ഉണ്ടാകാതെ വന്നതാണ് പ്രതിസന്ധിക്കു കാരണമെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.

Top