ക്വാട്ട പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാറിന് സമയം നല്‍കണം – മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ

മുബൈ: ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ സമുദായത്തോട് പ്രതിജ്ഞാബദ്ധമാണെന്നും, മറാത്ത ക്വാട്ട പ്രശ്‌നം പരിഹരിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാറിന് സമയം നല്‍കണമെന്നും മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ. പാല്‍ഘര്‍ ജില്ലയിലെ ജവഹര്‍ താലൂക്കില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവരണ പ്രശ്നം പരിഹരിക്കുന്നതിന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെ പിന്തുണക്കണമെന്ന് ബവന്‍കുലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ആവശ്യപ്പെട്ടു.

മറാത്ത സമുദായത്തിന്റെ ആവശ്യങ്ങളെ ബി.ജെ.പി ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളും പിന്തുണക്കുന്നുണ്ടെന്ന് ബവന്‍കുലെ പറഞ്ഞു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മറാത്ത സമുദായത്തിന്റെ ആവശ്യങ്ങളെ പിന്തുണക്കുന്ന സമയത്ത് ചില ഗ്രാമങ്ങളില്‍ രാഷ്ട്രീയക്കാരുടെ പ്രവേശനം നിരോധിക്കുന്നത് കൊണ്ട് എന്താണ് പ്രയോജനമെന്നും അദ്ദേഹം ചോദിച്ചു. മറാത്ത സമുദായത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വീണ്ടും സമരം നടത്തുമെന്ന് മറാത്ത ക്വാട്ട ആക്ടിവിസ്റ്റ് മനോജ് ജാരങ്കെ പറഞ്ഞിരുന്നു. സമുദായത്തിന് സംസ്ഥാന സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവരണം സുപ്രീം കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് സംവരണം ആവശ്യപ്പെട്ടുകൊണ്ട് ആഗസ്റ്റ് 29 മുതലാണ് മനോജ് ജാരങ്കെയുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്.

ഇതിനിടെ പ്രതിക്ഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് ലാത്തിചാര്‍ജ് നടത്തുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സെപ്തംബര്‍ 14-ന് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ സമര വേദിയില്‍ വന്ന് മറാത്ത സമുദായത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് ജാരങ്കെ നിരാഹാര സമരം അവസാനിപ്പിച്ചത്. സംവരണം ഉറപ്പാക്കാന്‍ പ്രക്ഷോഭകര്‍ സംസ്ഥാന സര്‍ക്കാറിന് ഒരു മാസത്തെ സമയമാണ് നല്‍കിയിരുന്നത്.

Top