പാതയോര വിശ്രമ കേന്ദ്രത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഭൂമി വിറ്റഴിക്കുന്നു; ചെന്നിത്തല

തിരുവനന്തപുരം: പാതയോര വിശ്രമ കേന്ദ്രത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഭൂമി വിറ്റഴിക്കാന്‍ ശ്രമം നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നോര്‍ക്കയുടെ കീഴിലുള്ള സ്വകാര്യ കമ്പനി ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് ആന്റ് ഹോള്‍ഡിംഗുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചുവെന്നും ചെന്നിത്തല ആരോപിച്ചു.

ദേശീയ പാതയ്ക്ക് അരികിലുള്ള സര്‍ക്കാര്‍ ഭൂമിയാണ് ഇങ്ങനെ വിറ്റഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പാതയോര വിശ്രമ കേന്ദ്രം തുടങ്ങാന്‍ താല്‍പര്യമുണ്ടെന്ന് സര്‍ക്കാരിനെ അറിയിച്ചിട്ടും അവര്‍ക്ക് പോലും കൊടുക്കാതെ എന്തുകൊണ്ടാണ് സ്വകാര്യ കമ്പനിക്ക് പദ്ധതി തുടങ്ങാന്‍ ഭൂമി കൈമാറാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും ചോദിച്ചു. കമ്പനയില്‍ 74 ശതമാനം ഓഹരി സ്വകാര്യ വ്യക്തികള്‍ക്കാണ്, 26 ശതമാനം സര്‍ക്കാരിനും. രണ്ട് പേരെ ഇതിന്റെ ഡയറക്ടര്‍മാരായി നിയമിച്ചതിന്റെ മാനദണ്ഡം എന്താണെന്നും ചെന്നിത്തല ചോദിച്ചു.

ഡോ.ഒ.വി മുസ്തഫയും, ബൈജു ജോര്‍ജ്ജുമാണ് കമ്പനിയുടെ ഡയറക്ടര്‍മാരായിട്ടുള്ളത്. ഇവരുടെ യോഗ്യത എന്താണെന്നും ചെന്നിത്തല ചോദിച്ചു. കമ്പനിയുമായുണ്ടാക്കിയ ധാരണാപത്രം അടിമുടി ദുരൂഹമാണ്. അവസാന കാലത്ത് സര്‍ക്കാര്‍ ഭൂമി വിറ്റഴിക്കാനുള്ള തിടുക്കത്തിലാണ് സര്‍ക്കാര്‍. കമ്പനിയുമായി ഉണ്ടാക്കിയ എം.ഒ.യു പുറത്തുവിടണം. വിഷയത്തില്‍ റവന്യൂമന്ത്രിയുടെ അഭിപ്രായമെന്താണെന്നും ചെന്നിത്തല ചോദിച്ചു

Top