ജപ്തി നടപടി; പിഎഫ്ഐ പ്രവർത്തകർ അല്ലാത്തവരുടെ സ്വത്തുക്കൾ വിട്ടുകൊടുത്തു; സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമവുമായി ബന്ധപ്പെട്ട ജപ്തി നടപടിയില്‍ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അല്ലാത്തവരുടെ പിടിച്ചെടുത്ത സ്വത്തുക്കൾ വിട്ടുനൽകിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പോപ്പലുർ ഫ്രണ്ട് ഹർത്താലുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇതിന് ആഹ്വാനം ചെയ്തവരുടെ സ്വത്തുക്കൾ കോടതി നിർദേശപ്രകാരം കണ്ടുകെട്ടിയത്. എന്നാൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത 25 പേരുടെ സ്വത്തുക്കൾ നടപടിയിൽ ഉൾപ്പെട്ടതായി പിന്നീട് തിരിച്ചറിഞ്ഞു. ഇവയാണ് വിട്ടനൽകിയതായി സർക്കാർ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചത്.

പിഎഫ്ഐ ബന്ധമില്ലാത്തവരെ ഒഴിവാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ജപ്തി നടപടികൾ നേരിട്ട പിഎഫ്ഐയുമായി ബന്ധമില്ലാത്തവരെ പട്ടികയിൽ നിന്നും ഒഴിവാക്കണമന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. പിഴവ് പറ്റി ഉൾപ്പെടുത്തിയവരെ കുറിച്ചുള്ള വിശദാംശങ്ങൾ സമർപ്പിക്കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തെറ്റായി ജപ്തി ചെയ്ത ഹർജിക്കാരനായ കാടാമ്പുഴ സ്വദേശി ടി പി യൂസുഫിൻ്റേതുൾപെടെ 18 പേർക്കെതിരെയുള്ള ജപ്തി നടപടികൾ അടിയന്തിരമായി പിൻവലിക്കാണമെന്ന ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.

Top