ദീപാവലി, ക്രിസ്തുമസ്, ന്യൂഇയര്‍ ആഘോഷത്തിന് പടക്കം പൊട്ടിക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം

തിരുവനന്തപുരം: ദീപാവലി, ക്രിസ്തുമസ്, ന്യൂഇയര്‍ ആഘോഷത്തിന് പടക്കം പൊട്ടിക്കുന്നതിനായുള്ള സമയത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ദീപാവലി ആഘോഷത്തിന് പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടിനും പത്തിനും ഇടയില്‍ പരമാവധി രണ്ടു മണിക്കൂറാക്കിയും ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് പടക്കം പൊട്ടിക്കുന്നത് രാത്രി 11.55 മുതല്‍ 12.30 വരെയാക്കിയും നിയന്ത്രിച്ചുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചു.

വായു ഗുണനിലവാരം മിതമായതോ അതിനു താഴെയുള്ളതോ ആയ നഗരങ്ങളില്‍ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗ്രീന്‍ ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ആഘോഷങ്ങളില്‍ ഹരിത പടക്കങ്ങള്‍ മാത്രമേ വില്‍ക്കാന്‍ പാടുള്ളൂവെന്നും ജില്ലാ മജിസ്‌ട്രേറ്റുമാര്‍, ജില്ലാ പൊലീസ് മേധാവിമാര്‍ എന്നിവര്‍ ഇക്കാര്യങ്ങള്‍ ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

അതേസമയം അസമയത്തെ വെടിക്കെട്ട് നിരോധനത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി, ജസ്റ്റിസ് വിജി അരുണ്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്. ആരാധനാലയങ്ങളിലെ വെടിക്കെട്ട് ആചാരത്തിന്റെ ഭാഗമാണോയെന്ന് സിംഗിള്‍ ബെഞ്ച് പരിശോധിച്ചില്ലെന്നാണ് സര്‍ക്കാരിന്റെ പ്രധാന ആക്ഷേപം. നിലവിലെ സാഹചര്യമോ സുപ്രീംകോടതിയുടെ മുന്‍കാല വിധികളോ പരിശോധിക്കാതെയാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. 2005ല്‍ സുപ്രീംകോടതി വെടിക്കെട്ടിന് ഇളവ് നല്‍കിയിട്ടുണ്ട്. ആചാരങ്ങള്‍ക്ക് തടസമില്ലെന്നാണ് സുപ്രീംകോടതി ഉത്തരവ്.

Top