കെട്ടിട നിർമാണ പെർമിറ്റ് ഫീസ് വർധന പിൻവലിക്കണമെന്ന ആവശ്യം രേഖാമൂലം തള്ളി സർക്കാർ

തിരുവനന്തപുരം : കെട്ടിടനിർമാണ പെർമിറ്റ് ഫീസ് വർധന പിൻവലിക്കണമെന്ന ആവശ്യം സർക്കാർ രേഖാമൂലം തള്ളി. പാർപ്പിട ഇതര കെട്ടിടങ്ങളുടെ നിർമാണ പെർമിറ്റ് ഫീസ് വർധന പിൻവലിക്കണമെന്ന ആവശ്യവുമായി മൂന്നു പേർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതാണ് മൂന്നു മാസത്തിനകം തീരുമാനമെടുക്കണമെന്നു നിർദേശിച്ചു ഹൈക്കോടതി സർക്കാരിനു കൈമാറിയത്.

കഴിഞ്ഞ 20 വർഷത്തിനിടയിൽ പെർമിറ്റ് ഫീസ് നാലിൽ നിന്ന് 15 രൂപ മാത്രമായാണു വർധിപ്പിച്ചതെന്നും അഗ്നിശമന സേന, മലിനീകരണ നിയന്ത്രണ ബോർഡ്, പരിസ്ഥിതി വകുപ്പ് എന്നിവയുടെ അനുമതിക്കായി അതതു വകുപ്പുകൾ ഈടാക്കുന്ന തുക താരതമ്യപ്പെടുത്തുമ്പോൾ തദ്ദേശ സ്ഥാപനങ്ങളുടെ പെർമിറ്റ് ഫീസ് വളരെ കുറവാണെന്നും തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ റിപ്പോർട്ട് നൽകിയിരുന്നു.

അപേക്ഷകളും സ്ഥലവും പരിശോധിക്കാനും മാലിന്യ സംസ്കരണത്തിനും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനും തദ്ദേശ സ്ഥാപനങ്ങൾ ചെലവഴിക്കുന്ന സമയവും പണവും, മറ്റു സംസ്ഥാനങ്ങളിലെ ഫീസുമായുള്ള താരതമ്യം, ഓൺലൈൻ സേവനം തുടങ്ങിയ കാര്യങ്ങളും റിപ്പോർട്ടിലുണ്ട്.

Top