സര്‍ക്കാര്‍ പരസ്യങ്ങളും വിദേശയാത്രകളും ഒഴിവാക്കൂ: മോദിക്ക് കത്തയച്ച് സോണിയ

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. സര്‍ക്കാര്‍ പരസ്യങ്ങളും ഔദ്യോഗിക വിദേശയാത്രകളും ഒഴിവാക്കണമെന്ന് സോണിയ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് സോണിയ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

എം.പിമാരുടെ ശമ്പളം 30 ശതമാനം വെട്ടികുറക്കാനുള്ള കേന്ദ്രമന്ത്രിസഭയുെട തീരുമാനം പുറത്ത് വന്നതിന് പിന്നാലെയാണ് സോണിയ പ്രധാനമന്ത്രിക്ക് കത്തയച്ചത്. 20,000 കോടിയുടെ മോടിപിടിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നും

പാര്‍ലമെന്റ് മോടിപിടിപ്പിക്കല്‍ ഉള്‍പ്പടെയുള്ളവ ഒഴിവാക്കണമെന്നും അത്യാവശ്യമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാത്രം നടത്തിയാല്‍ മതിയെന്നും ഈ പണം ആശുപത്രികള്‍ നിര്‍മ്മിക്കാനും പി.പി.ഇ കിറ്റുകള്‍ വാങ്ങാനും ഉപയോഗിക്കണമെന്നും സോണിയ പറഞ്ഞു. മാത്രമല്ല കേന്ദ്രസര്‍ക്കാറിന്റെ മുഴുവന്‍ പരസ്യങ്ങളും നിരോധിക്കണമെന്നും സോണിയ ആവശ്യപ്പെട്ടു. പ്രതിവര്‍ഷം കേന്ദ്രസര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി ചെലവഴിക്കുന്നത് 1250 കോടിയാണ്. ഇത് പൂര്‍ണമായും ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സോണിയ പറഞ്ഞു.

Top