കോഴിക്കോട് ജില്ലയില്‍ സര്‍ക്കാര്‍ ഒരുക്കിയ ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നു

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ കോഴിക്കോട്ട് പ്രവാസികള്‍ക്കായി ഒരുക്കിയ ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നു. ജില്ലയിലെ 42 ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ജില്ല കലക്ടര്‍ ഉത്തരവ് നല്‍കി.

ഹോട്ടലുകള്‍, ലോഡ്ജുകള്‍, റസിഡന്‍സികള്‍ എന്നിവിടങ്ങളിലൊരുക്കിയ ക്വാറന്റീന്‍ കേന്ദ്രങ്ങളാണ് സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നത്. സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശപ്രകാരം ഹോം ക്വാറന്റീന്‍ അനുവദനീയമായതിനാല്‍ സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് വരുന്നവരുടെ എണ്ണം കുറഞ്ഞതായി ചൂണ്ടിക്കാട്ടിയാണ് ഈ നടപടി.

ജൂണ്‍ 16നാണ് ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ കോഴിക്കോട് ജില്ല കലക്ടര്‍ വി. സാംബശിവറാവു ഉത്തരവിട്ടത്. വിദേശ രാജ്യങ്ങളില്‍ നിന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമൊക്കെ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റീന്‍ സൗകര്യമൊരുക്കാന്‍ ഹോട്ടലുകളും ലോഡ്ജുകളും ഉള്‍പ്പെടെ ഏറ്റെടുത്തിരുന്നു. ഈ സ്ഥാപനങ്ങള്‍ വിട്ടുനല്‍കാനാണ് ഉത്തരവ്. ഇതില്‍ പകുതിയിലേറെ കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലുള്ളതാണ്.

സ്ഥാപനം വിട്ടു നല്‍കുന്നതിന് മുമ്പായി അഗ്‌നി സുരക്ഷാ വിഭാഗത്തിന്റെ സഹായത്തോടെ അണുവിമുക്തമാക്കുന്നതിനുള്ള നടപടി ബന്ധപ്പെട്ട ഹെല്‍ത്ത് ഓഫീസര്‍മാരും ജൈവ, അജൈവ മാലിന്യങ്ങള്‍ സംസ്‌കരിച്ച് മുറികളും പരിസരവും വൃത്തിയാക്കി നല്‍കുന്നതിനുള്ള നടപടികള്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാരും സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടെത്തിയ 24 പ്രവാസികള്‍ക്ക് ക്വാറന്റീന്‍ സൗകര്യം ഇല്ലാത്തതിനാല്‍ ഭക്ഷണവും വെള്ളവും കിട്ടാതെ മണിക്കൂറുകളോളം ബസില്‍ തങ്ങേണ്ടി വന്നിരുന്നു. ഇത്തരം സംഭവങ്ങളുണ്ടാവുമ്പോഴാണ് സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് വരവ് കുറഞ്ഞുവെന്ന കാരണം പറഞ്ഞ് കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Top