സര്‍ക്കാര്‍ നല്‍കിയ വീട് വാസയോഗ്യമല്ലാത്ത സ്ഥലത്ത്; പെട്ടിമുടി ഇരകള്‍ ഹൈക്കോടതിയില്‍

kerala hc

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വീട് വാസയോഗ്യമായ സ്ഥലത്തല്ലെന്നു ചൂണ്ടിക്കാണിച്ച് പെട്ടിമുടി ദുരന്തത്തിലെ ഇരകള്‍ ഹൈക്കോടതിയെ സമീപിച്ചു. ദുരന്തത്തില്‍ പെട്ടവരുടെ പുനരധിവാസം എങ്ങുമെത്തിയില്ല. നേരത്തെ താമസിച്ചിരുന്ന സ്ഥലത്തു നിന്ന് 32 കിലോമീറ്റര്‍ അകലെയാണ് വീടു നിര്‍മിച്ചു നല്‍കിയത്. റേഷന്‍ വാങ്ങാന്‍ കാല്‍നടയായി കിലോമീറ്ററുകള്‍ പോകേണ്ട സാഹചര്യമാണ് എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി.

കണ്ണന്‍ദേവന്‍ കമ്പനിയുടെ കൈവശമുള്ള മിച്ചഭൂമിയില്‍ വീടു വയ്ക്കാന്‍ സ്ഥലം നല്‍കണം എന്ന ആവശ്യമാണ് ഇരകള്‍ ഹൈക്കോടതിയില്‍ ഉയര്‍ത്തിയിരിക്കുന്നത്. അതേസമയം കുറ്റിയാര്‍ വാലിയില്‍ ദുരന്തത്തില്‍ പെട്ടവര്‍ക്കു വീട് നിര്‍മിച്ചു നല്‍കിയെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എട്ടു പേര്‍ക്ക് വീടു നിര്‍മിച്ചു കൈമാറി. ആറു പേര്‍ക്കു പട്ടയം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാട് കേട്ട കോടതി ഇതു സംബന്ധിച്ചു വിശദമായ റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോടു നിര്‍ദേശിച്ചു.

ദുരന്തത്തെ അതിജീവിച്ചവര്‍ക്കു സര്‍ക്കാര്‍ കണ്ണന്‍ ദേവന്‍ കമ്പനിയുമായി സഹകരിച്ച് ഒരു കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനം കഴിഞ്ഞ ഫെബ്രുവരിയിലാണ് നടന്നത്. മന്ത്രിയായിരുന്ന എം.എം. മണിയാണ് താക്കോല്‍ ദാനം നിര്‍വഹിച്ചത്. രണ്ടു കിടപ്പുമുറികളും സ്വീകരണമുറിയും അടുക്കളയും ശുചിമുറിയും വരാന്തയും ഉള്ള വീടുകളാണ് നിര്‍മിച്ചു നല്‍കിയത്. മൂന്നാര്‍ കുറ്റിയാര്‍വാലിയില്‍ സര്‍ക്കാര്‍ അനുവദിച്ച പട്ടയഭൂമിയിലാണ് വീടു നിര്‍മിച്ചു നല്‍കിയത്.

 

Top