സര്‍ക്കാര്‍ ഓഫീസുകളിലെ ഉച്ചഭക്ഷണ സമയക്രമം മാറുന്നു; പുതിയ ഉത്തരവ് ഇങ്ങനെ

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലെ ഉച്ചഭക്ഷണ സമയക്രമങ്ങളില്‍ മാറ്റം വരുത്തുന്നു. ഉച്ചഭക്ഷണ സമയത്തില്‍ നിന്ന് 15 മിനിറ്റ് കുറച്ചാണ് പുതിയ പരിഷ്‌കരണം. മുമ്പ് ഒരു മണി മുതല്‍ രണ്ട് മണി വരെ ഉണ്ടായിരുന്ന സമയം ഇനി മുതല്‍ 1.15നാണ് ആരംഭിച്ച് രണ്ടിന് അവസാനിക്കും. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.

ഇതിനു പുറമെ സെക്രട്ടേറിയറ്റിലും അഞ്ചു നഗരങ്ങളിലെ ഓഫീസുകളിലുമുള്ള പ്രവൃത്തിസമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. സാധാരണ സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവൃത്തിസമയം 10 മുതല്‍ അഞ്ചു വരെയാണെങ്കിലും സെക്രട്ടേറിയറ്റിലും തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് നഗരപരിധികളിലെ ഓഫീസുകളുടെ സമയം 10.15 മുതല്‍ 5.15 വരെയായിരിക്കും. ചില പ്രത്യക തസ്തികകള്‍ക്കു മാത്രം പഴയ വ്യവസ്ഥയാണു ബാധകം.

പ്രവൃത്തിസമയം സംബന്ധിച്ച് നേരത്തേ ഉത്തരവ് ഇറക്കിയിരുന്നെങ്കിലും സെക്രട്ടേറിയറ്റ് ഒഴികെ മറ്റെല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും സമയം 10 മുതല്‍ അഞ്ചു വരെയാണ് അതില്‍ നിര്‍ദേശിച്ചിരുന്നത്. സെക്രട്ടേറിയറ്റില്‍ 10.15 മുതല്‍ 5.15 വരെയായിരുന്നു സമയം പറഞ്ഞിരുന്നത്. ഇത്തരത്തില്‍ വ്യത്യസ്ത നിര്‍ദേശം നിലനില്‍ക്കുന്നതു പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതികളും നിവേദനങ്ങളും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു പുതുക്കിയ ഉത്തരവ്.

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ‘മാന്വല്‍ ഓഫ് ഓഫീസ് പ്രൊസീജിയറും’ സെക്രട്ടേറിയറ്റിന് ‘കേരളാ സെക്രട്ടേറിയറ്റ് ഓഫീസ് മാന്വലും’ അനുസരിച്ചുള്ള സമയക്രമമാണു പാലിക്കുന്നത്. എന്നാല്‍ ചില ജില്ലകളിലെ നഗര പ്രദേശങ്ങളിലുള്ള ഓഫീസുകളുടെ സമയക്രമത്തില്‍ പ്രദേശങ്ങളുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് അനുവദിച്ച ഇളവ് തുടരേണ്ടതുണ്ടെന്ന് ഉത്തരവില്‍ പറയുന്നു.

Top