തദ്ദേശ സ്ഥാപനങ്ങളില്‍ അപേക്ഷ ഫോറങ്ങള്‍ പുറത്തു നിന്ന് വാങ്ങേണ്ട അവസ്ഥയുണ്ടാക്കരുതെന്ന്

പെരിന്തല്‍മണ്ണ: തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ ഫോറങ്ങള്‍ പുറത്തു നിന്ന് വാങ്ങേണ്ട അവസ്ഥയുണ്ടാക്കരുതെന്ന് സര്‍ക്കാര്‍. ഇതു സംബന്ധിച്ച് നേരത്തെയും മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു.

ആവശ്യമുള്ള എല്ലാ ഫോറങ്ങളും അപേക്ഷകളും ഫ്രണ്ട് ഓഫീസില്‍ നമ്പറിട്ട് സൂക്ഷിക്കേണ്ടതാണ്. കടകളില്‍ പോയി വാങ്ങാന്‍ പറയുന്ന സ്ഥിതിയുണ്ടാകരുതെന്നും അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകളുടെ വിവരങ്ങളും ഫോറത്തില്‍ സൂചിപ്പിക്കണമെന്നും ഇത്തരം കാര്യങ്ങള്‍ക്ക് ഇടനിലക്കാര്‍ കയറിയിറങ്ങുന്ന സ്ഥിതി ഒഴിവാക്കണമെന്നും പഞ്ചായത്ത് ഡയറക്ടര്‍ നിര്‍ദേശിച്ചു.

ഓഫീസില്‍ നിന്ന് വിതരണം ചെയ്യുന്ന ഫോറങ്ങളുടെ വിവരങ്ങള്‍ ഫ്രണ്ട് ഓഫിസില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യണം. ഇക്കാര്യങ്ങളുടെ ചുമതല സെക്രട്ടറിക്കാണ്. പെര്‍ഫോമന്‍സ് ഓഡിറ്റ് ഇക്കാര്യവും പരിശോധിക്കേണ്ടതാണ്.

പഞ്ചായത്തിനുള്ളില്‍ ജനപ്രതിനിധികളോ ജീവനക്കാരോ അല്ലാത്തവരുടെ നിയന്ത്രണത്തിലാണ് ചിലയിടങ്ങളില്‍ അപേക്ഷകളും ഫോറങ്ങളും പൂരിപ്പിക്കുന്നത്. പണം ഈടാക്കി ഇത്തരത്തില്‍ ഫോറത്തിനും സേവനങ്ങള്‍ക്കും ഫ്രണ്ട് ഓഫിസ് സംവിധാനം ഇല്ലാതാക്കുന്ന അവസ്ഥയും ഉണ്ട്.

Top