‘ധനുസ്സ്’; ബിരുദ വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പദ്ധതി

കോഴിക്കോട്: ബിരുദ വിദ്യാര്‍ഥികള്‍ക്ക് ‘ധനുസ്സ്’ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത്. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനത്തോടനുബന്ധിച്ചാണ് ഈ പദ്ധതി ഒരുക്കിയിരിക്കുന്നത്.

ബിരുദ വിദ്യാര്‍ഥികളെ ഉന്നത വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്ന് വര്‍ഷത്തോളം സൗജന്യമായി നല്‍കുന്ന പരിശീലന പദ്ധതിയായ ധനുസ്സ് ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ആദ്യ സെന്ററിന്റെ ഉദ്ഘാടനം മാര്‍ച്ച് രണ്ടാം തീയതി പത്ത് മണിക്ക് കോഴിക്കോട് പേരാമ്പ്രയില്‍ നടക്കുമെന്നാണ് മന്ത്രി ടി.പി രാമകൃഷ്ണന്‍ അറിയിച്ചിരിക്കുന്നത്.

ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കാണ് ധനുസ്സിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. തുടര്‍ന്ന് മൂന്നാം വര്‍ഷം വരെ പരിശീലനം തുടരുന്നതാണ്. തിരഞ്ഞെടുക്കുന്ന 200 വിദ്യാര്‍ഥികള്‍ക്കായിരിക്കും പരിശീലനം നല്‍കുന്നത്. തിരഞ്ഞെടുക്കുന്നവര്‍ക്ക് പോഷകാഹാരം ഉള്‍പ്പെടെയുള്ളവ സൗജന്യമായിരിക്കും.

അവധി ദിവസങ്ങളില്‍ പേരാമ്പ്ര സി.കെ.ജി കോളേജില്‍ വെച്ചായിരിക്കും പരിശീലന പരിപാടി നടക്കുന്നത്. പരിശീലനത്തിന് നേതൃത്വം നല്‍കുന്നത് ഗവ. കോളേജിലെ അധ്യാപകരാണ്. സംസ്ഥാന സര്‍ക്കാര്‍ നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പ് മുഖാന്തിരം ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ കോഴിക്കോട് പേരാമ്പ്രയിലാണ് പദ്ധതി ആരംഭിക്കുന്നത്.

സാമ്പത്തികശാസ്ത്രം, ഇംഗ്ലീഷ്, ഗണിതശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്സ്, ബയോളജിക്കല്‍ സയന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ ഓരോന്നിലും 40 വീതം വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം അനുവദിക്കുക.

Top