വിനീതിന് ജോലിയും, ചിത്രയ്ക്ക് ധനസഹായവുമായി കേരള സര്‍ക്കാര്‍

തിരുവനന്തപുരം: ദേശീയ ഫുട്‌ബോള്‍ താരം സി.കെ. വിനീതിന് ജോലിയുമായി സംസ്ഥാന സര്‍ക്കാര്‍. വിനീതിനെ സെക്രട്ടറിയേറ്റ് അസിസ്റ്റന്റായി നിയമിക്കാനാണു സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ഹാജര്‍ കുറവായതിന്റെ പേരില്‍ ഏജീസ് ഓഫീസില്‍ നിന്ന് വിനീതിനെ പിരിച്ചുവിട്ട സാഹചര്യത്തിലാണ് പുതിയ ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്.

അത്‌ലറ്റ് പി യു ചിത്രയ്ക്ക് പരിശീലനത്തിന് ധനസഹായം നല്‍കാനും യോഗത്തില്‍ ധാരണയായിട്ടുണ്ട്. മാസം 10,000 രൂപയും ദിവസം 500 രൂപയുമാണ് പരിശീലനത്തിനായി ചിത്രയ്ക്ക് ലഭിക്കുക. തനിക്കൊരു ജോലി വേണമെന്ന പി.യു.ചിത്രയുടെ ആവശ്യത്തെത്തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനം.

ഈയിടെ ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയ ചിത്രയെ ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിലേയ്ക്ക് തിരഞ്ഞെടുക്കാതിരുന്നത് വലിയ വിവാദമായിരുന്നു.

2012 ലാണ് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ എജീസ് ഓഫീസിലെ ഓഡിറ്ററായി വിനീത് ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് മതിയായ ഹാജരില്ല എന്ന കാരണത്താല്‍ വിനീതിനെ ജോലിയില്‍നിന്നു പിരിച്ചു വിടുകയായിരുന്നു.

2014 മേയില്‍ വിനീതിന്റെ പ്രൊബേഷന്‍ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ ഹാജര്‍ കുറവായതിനാല്‍ രണ്ടു വര്‍ഷം കൂടി പ്രൊബേഷന്‍ നീട്ടി. ഈ കാലാവധി 2016 മേയില്‍ അവസാനിച്ചു.

പ്രൊബേഷന്‍ കാലാവധി ഇരട്ടിയിലേറെ നീട്ടാനാവില്ലെന്ന സര്‍വീസ് ചട്ടം പറഞ്ഞാണ് മേയ് ഏഴാം തീയതി വിനീതിനെ പിരിച്ചുവിട്ടതായി ഉത്തരവിറങ്ങിയത്. ഇതു വലിയ വിവാദങ്ങള്‍ക്കു ഇടയായി. ഇതേത്തുടര്‍ന്ന്‌ വിനീതിനു സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കുമെന്നു കായിക മന്ത്രി എ.സി.മൊയ്തീന്‍ അറിയിച്ചിരുന്നു.

Top