പ്രതിസന്ധിയിലും പ്രകൃതിക്ക് മുന്നില്‍ പ്രതിരോധം തീര്‍ത്ത് കേരള സര്‍ക്കാര്‍

ദുരന്തമുഖത്തും സ്വന്തം ജനതയ്ക്ക് ആത്മവിശ്വാസം നല്‍കി മുന്നോട്ട് നയിക്കുന്നവരാണ് യഥാര്‍ത്ഥ ജനനായകര്‍. ഇക്കാര്യത്തില്‍ രാജ്യത്തെ മറ്റേത് മുഖ്യമന്ത്രിമാരേക്കാള്‍ മുന്‍ നിരയിലാണ് പിണറായി വിജയന്റെ സ്ഥാനം. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് ഒറീസ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കാണ്. വീരശൂര പരാക്രമിയായ സാക്ഷാല്‍ മമത ബാനര്‍ജി പോലും കോവിഡിന് മുന്നില്‍ പകച്ച് നില്‍ക്കുന്ന കാഴ്ചയാണ് രാജ്യം കണ്ടിരിക്കുന്നത്. എന്നാല്‍ മുന്‍പുണ്ടായ ഓഖിയെയും, പ്രളയത്തെയും, നിപ്പയേയും അതിജീവിച്ച കേരളം കോവിഡിനെതിരെ ഫലപ്രദമായ ചെറുത്ത് നില്‍പ്പാണ് നടത്തി വരുന്നത്.

ഇപ്പോള്‍ ഓഖിക്ക് സമാനമായ മറ്റൊരു ചുഴലിക്കാറ്റ് ഭീതിയിലാണ് സംസ്ഥാനമുള്ളത്. ബുറെവി ചുഴലിക്കാറ്റിനെ നാം അതിജീവിക്കുക തന്നെ ചെയ്യും. ഓഖി കേരളതീരത്ത് നാശം വിതച്ചിട്ട് മൂന്ന് വര്‍ഷമാകുകയാണ്. കാലാവസ്ഥാ മാറ്റങ്ങളുടെ ഭാഗമായുണ്ടാകുന്ന കെടുതികള്‍ നമ്മുടെ നാടിന് തുടര്‍ച്ചയായാണ് ഭീഷണികള്‍ ഉയര്‍ത്തുന്നത്. ഓഖിക്ക് പുറമെ മഹാപ്രളയത്തെയും മഴക്കെടുതികളെയും നാടിന് അതിജീവിക്കാനായത് ഭരണകൂടത്തിന്റെ കൃത്യമായ ഇടപെടല്‍ മൂലമാണ്. ഇവിടെ ദുരന്തനിവാരണത്തില്‍ മുന്‍പരിചയമോ അനുഭവസമ്പത്തോ കൂട്ടിനില്ലാത്ത ഒരു ജനതയാണ് തുടര്‍ച്ചയായുണ്ടായ പ്രതിസന്ധികളെ നേരിട്ടിരിക്കുന്നത്. ആ ജനതയെ മുന്നില്‍ നിന്ന് നയിച്ച് സുരക്ഷിത തീരത്തെത്തിക്കുന്നതിലാണ് പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയും വിജയിച്ചിരിക്കുന്നത്.

ദുരന്തനിവാരണത്തിലെ ജനകീയ ഇടപെടല്‍ മറ്റൊരു കേരളാ മോഡലായാണ് മാറിയിരിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ബുറെവി ചുഴലിക്കാറ്റിനെതിരെ സ്വീകരിച്ച മുന്‍ കരുതല്‍ നടപടികള്‍. ഇതെല്ലാം കേരളത്തിലെ ജനങ്ങള്‍ക്ക് വലിയ ആത്മധൈര്യമാണ് നല്‍കുന്നത്. ഏത് ദുരിത കാലത്തും പട്ടിണി കിടക്കേണ്ടി വരില്ലെന്നത് പ്രളയ കാലത്തും കോവിഡ് മഹാമാരിയിലും നാട് അനുഭവിച്ചറിഞ്ഞതാണ്. ഓഖി, പ്രളയ പുനരധിവാസങ്ങള്‍ സമയബന്ധിതമായി നിര്‍വഹിച്ചും പിണറായി സര്‍ക്കാര്‍ പുതിയ മാതൃക തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ 1664ല്‍ 1269 വില്ലേജുകളെയും ബാധിച്ച മഹാപ്രളയം കഴിഞ്ഞ് കേവലം രണ്ട് വര്‍ഷങ്ങള്‍ക്ക് മാത്രം ഇപ്പുറം നടക്കുന്ന ഒരു തെരഞ്ഞെടുപ്പില്‍ പുനരധിവാസത്തിലെ പ്രശ്‌നങ്ങളോ പരാതികളോ ഹോട്ട് ടോപ്പിക് അല്ല എന്നത് തന്നെ ആ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വലിയ സാക്ഷ്യപത്രമാണ്. ഏത് പ്രതിസന്ധിയും വന്നോട്ടെ ഞങ്ങളെ നയിക്കാന്‍ ചങ്കുറപ്പുള്ള ഒരു സര്‍ക്കാര്‍ ഉണ്ടെന്ന ബോധ്യം മലയാളികള്‍ക്ക് പകര്‍ന്നു നല്‍കുന്ന ആത്മവിശ്വാസം ചെറുതായി കാണാന്‍ വിമര്‍ശകര്‍ക്ക് പോലും കഴിയുകയില്ല.

ബുറെവി ചുഴലിക്കാറ്റ് സംബന്ധിച്ച് സര്‍ക്കാരും ദുരന്തനിവാരണ അതോറിറ്റിയും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാനുള്ള ബാധ്യത എല്ലാ പൗരന്മാര്‍ക്കുമുണ്ട്. സാധ്യമായ എല്ലാ മുന്‍കരുതലുകളും ഇതിനകം തന്നെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇനി വേണ്ടത് ജാഗ്രതയാണ്. അത് ജനങ്ങളാണ് പാലിക്കേണ്ടത്. ഒറ്റക്കെട്ടായി നിന്നാല്‍ ഏത് വെല്ലുവിളികളെയും അതി ജീവിക്കാന്‍ ഈ നാടിന് കഴിയുക തന്നെ ചെയ്യും.

Top