ലാലുവിന്റെ ഓഡിയോ; അന്വേഷണത്തിന് ഉത്തരവിട്ട് ജാര്‍ഖണ്ഡ് സര്‍ക്കാര്‍

റാഞ്ചി: ആര്‍.ജെ.ഡി. നേതാവ് ലാലു പ്രസാദ് യാദവ് ബിഹാറിലെ എന്‍.ഡി.എ. എം.എല്‍.എമാരെ ഫോണില്‍ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന് അനുകൂലമായി വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ലാലു എം.എല്‍.എമാരുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്നാണ് ആരോപണം.

ബി.ജെ.പി. നേതാവും മുന്‍ ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദിയാണ് ലാലുവിന്റെ ഓഡിയോ ക്ലിപ്പടക്കം പുറത്ത് വിട്ട് ആരോപണമുന്നയിച്ചത്. റാഞ്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍, ബിര്‍സ മുണ്ട ജയില്‍ സൂപ്രണ്ട് എന്നിവരോട് സംഭവത്തെ സംബന്ധിച്ച് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജാര്‍ഖണ്ഡ് ജയില്‍ ഐ.ജി. വീരേന്ദ്ര ഭൂഷണ്‍ പറഞ്ഞു. ആരോപണം തെളിഞ്ഞാല്‍ നിയമപരമായ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലാലു പ്രസാദ് യാദവിന്റെ സന്ദര്‍ശകരെ സംബന്ധിച്ചും അതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ സംബന്ധിച്ചും റാഞ്ചി ജില്ലാ ഭരണകൂടവും അന്വേഷണം നടത്തുന്നുണ്ട്. ലാലുവിന്റെ ആരോഗ്യം സംബന്ധിച്ച് ശരിയായ പരിശോധന നടത്തി ജയിലിലേക്ക് തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ ഇതിനോടകം പൊതുതാല്‍പര്യ ഹര്‍ജിയും നല്‍കിയിട്ടുണ്ട്.

ലാലു സംസാരിക്കുന്നെന്ന പേരില്‍ ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ ക്ലിപ്പാണ് സുശീല്‍ കുമാര്‍ മോദി കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ലാലു വിളിച്ചെന്ന് പറയുന്ന ഫോണ്‍ നമ്പറും പുറത്ത് വിട്ടിരുന്നു.

Top