കശ്മീരില്‍ പുറത്ത് നിന്നുള്ളവര്‍ സുരക്ഷിതരല്ലെന്ന സന്ദേശം പടര്‍ത്തുകയാണ് കേന്ദ്രം: കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് ജനങ്ങളെ ഭയപ്പെടുത്തുന്നതാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്. വെറുപ്പിന്റെ സാഹചര്യം സൃഷ്ടിച്ച് കശ്മീരില്‍ പുറത്ത് നിന്നുള്ളവര്‍ സുരക്ഷിതരല്ലെന്ന സന്ദേശം പടര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.സര്‍ക്കാരിന്റെ നീക്കങ്ങളെ അപലപിക്കുന്നതായും കോണ്‍ഗ്രസ് വ്യക്തമാക്കി. ഗുലാം നബി ആസാദാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.

കശ്മീരില്‍സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അമര്‍നാഥ് തീര്‍ഥാടകര്‍ ഉള്‍പ്പടെയുള്ളവരോട് കശ്മീരില്‍ നിന്ന് പുറത്ത് പോവാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് പരിഭ്രാന്തിയിലായ വിദേശികള്‍ ഉള്‍പ്പടെയുള്ള സഞ്ചാരികള്‍ കൂട്ടത്തോടെ വിമാനത്താവളത്തിലെത്തിയത് വാര്‍ത്തയായിരുന്നു.

കോണ്‍ഗ്രസ് നേതാവ് പി ചിദംബരം കശ്മീരില്‍ എന്ത് സാഹസത്തിനാണ് സര്‍ക്കാര്‍ ഒരുങ്ങുതെന്ന് തനിക്ക് ചിന്തിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞു.കശ്മീരുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ വിഷയങ്ങള്‍ പലതും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. എന്ത് വിപത്താണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തല്ല. എന്തായാലും അതിന് മുതിരരുതെന്ന് ഞാന്‍ അവരെ ഓര്‍മ്മപ്പെടുത്തുകയാണെന്നും ചിദംബരം പറഞ്ഞു.

അമര്‍നാഥ് തീര്‍ഥാടന പാതയില്‍നിന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ നിര്‍മിത സ്നൈപ്പര്‍ റൈഫിളും പാകിസ്താന്‍ നിര്‍മിത കുഴിബോംബുകളും സ്ഫോടക വസ്തുക്കളും കണ്ടെത്തിയിരുന്നു. അതിനു മുമ്പുതന്നെ കശ്മീരില്‍ സൈനിക സാന്നിധ്യം ശക്തമാക്കിയിരുന്നു. ഇതെല്ലാം ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പടര്‍ത്തിയിരുന്നു. ഹോട്ടലുകള്‍ക്ക് മുന്നിലും എ.ടി.എമ്മുകള്‍ക്ക് മുന്നിലുമെല്ലാം കഴിഞ്ഞ ദിവസം വലിയ ആള്‍ക്കൂട്ടം രൂപപ്പെട്ടു. ഇതോടെ കശ്മീരിലെ രാഷ്ട്രീയ നേതാക്കള്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

Top