രാജ്ഭവനില്‍ വീണ്ടും സ്ഥിര നിയമനം അംഗീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: രാജ്ഭവനില്‍ വീണ്ടും സ്ഥിര നിയമനം അംഗീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. പിആര്‍ഒ എസ്ഡി പ്രിന്‍സിന് സ്ഥിര നിയമനം നല്‍കിക്കൊണ്ടുള്ള ഉത്തരവാണ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്.

ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ രാജ്ഭവനില്‍ ഗവര്‍ണറുടെ സെക്രട്ടേറിയറ്റില്‍ ഫോട്ടോഗ്രാഫറുടെ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചിരുന്നു. നിലവില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരുന്ന പി ദിലീപ് കുമാറിനെ ഗവര്‍ണറുടെ ശുപാര്‍ശപ്രകാരം സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടാമത്തെ സ്ഥിര നിയമനം ഇന്ന് ഉണ്ടായിരിക്കുന്നത്.

നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വച്ച ഉപാധികളില്‍ ഈ നിയമനങ്ങളും ഉള്‍പ്പെട്ടതായാണ് സൂചന. പുനര്‍ നിയമന വ്യവസ്ഥയിലാണ് പ്രിന്‍സിനെ സ്ഥിരപ്പെടുത്തിയിട്ടുള്ളത്. മുമ്പ് കേരള സര്‍വകലാശാല പിആര്‍ഒ ആയിരുന്ന പ്രിന്‍സ് വൈദ്യുതി ബോര്‍ഡ് പിആര്‍ഒ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2020ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ചെങ്കിലും രാജ്ഭവനില്‍ താത്കാലിക നിയമനത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ഗവര്‍ണറുടെ ശുപാര്‍ശപ്രകാരമാണ് ഇപ്പോള്‍ അദ്ദേഹത്തിന് പുനര്‍നിയമന വ്യവസ്ഥയില്‍ ജോലി സ്ഥിരപ്പെടുത്തിയിരിക്കുന്നത്.

Top