ചര്‍ച്ചയ്ക്ക് തയ്യാര്‍, കര്‍ഷക സംഘടനകള്‍ക്ക് കത്തയച്ച് സര്‍ക്കാര്‍

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍ക്ക് കത്തയച്ച് കേന്ദ്രസര്‍ക്കാര്‍. പ്രശ്‌നപരിഹാരത്തിന് ചര്‍ച്ച വേണമെന്ന് സര്‍ക്കാര്‍ കത്തില്‍ ആവശ്യപ്പെട്ടു. കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ തയ്യാറെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കര്‍ഷക നിയമങ്ങള്‍ക്കെതിരെ ഇന്ന് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളും ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ കത്തയച്ചിരിക്കുന്നത്. പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു.

പുതിയ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താന്‍ പദ്ധയിട്ടിരുന്നു, എന്നാല്‍ ഇതിന് ഡല്‍ഹി പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു.

തുറന്ന മനസ്സോടെ എങ്കില്‍ മാത്രം സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കര്‍ഷക സംഘടനകള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചര്‍ച്ചയെക്കുറിച്ച് സര്‍ക്കാര്‍ കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണ്. സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ക്ക് നേരത്തെ തന്നെ വ്യക്തമായ മറുപടി നല്‍കിയിട്ടുണ്ടെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.

Top