ക്യാമ്പസ് രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ കോടതിയിലേക്ക്‌

തിരുവനന്തപുരം : ക്യാമ്പസ് രാഷ്ട്രീയം നിരോധിച്ച ഉത്തരവിനെതിരെ സര്‍ക്കാര്‍ നിയമനടപടിക്ക് ഒരുങ്ങുന്നു.

വിലക്ക് നീക്കാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കും. ഇതിനായി സുപ്രീംകോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കാനാണ് നീക്കം.

അന്തിമ തീരുമാനം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും. നിയമവശങ്ങള്‍ പരിശോധിക്കാന്‍ എജിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

അതേസമയം മാതാപിതാക്കള്‍ കുട്ടികളെ കോളെജുകളിലേക്ക് അയക്കുന്നത് രാഷ്ട്രീയം തൊഴിലാക്കാനല്ലെന്നാണ് ഹൈക്കോടതിയുടെ അഭിപ്രായം.

കലാലയ രാഷ്ട്രീയം അക്കാദമിക് അന്തരീക്ഷം തകര്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു. കാമ്പസില്‍ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനാന്തരീക്ഷം തകരരുത്. ഇത് ഉറപ്പ് വരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കോടതി നിര്‍ദ്ദേശിച്ചു.

കലാലയങ്ങള്‍ പഠിക്കാനുള്ള കേന്ദ്രങ്ങളാണ്. സമരം നടത്തുന്നവര്‍ക്ക് മറൈന്‍ ഡ്രൈവ് പോലുള്ള പൊതുസ്ഥലങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. എല്ലാത്തിനും അതിന്റേതായ സ്ഥലമുണ്ടെന്നും കോടതി കഴിഞ്ഞ ദിവസം പരാമര്‍ശിച്ചിരുന്നു.

രാഷ്ട്രീയ പ്രവര്‍ത്തനം നടത്തണമെങ്കില്‍ പഠനം നിര്‍ത്തി പോകണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

Top