ഒരുമിച്ച് അഞ്ചുഷട്ടറുകൾ തുറന്നാൽ വലിയ ദുരന്തം, എല്ലാം പറയാനാകില്ല ; മന്ത്രി

തിരുവനന്തപുരം: ഇടുക്കി ഡാം തുറന്നു വിടുന്നതു സംബന്ധിച്ച് എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് ഇപ്പോൾ പറയാനാകില്ലെന്ന് മന്ത്രി എം.എം മണി. ജില്ലാ കളക്ടറേയും മറ്റു ഉന്നത ഉദ്യോഗസ്ഥരെയും ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അഞ്ച് ഷട്ടറുകൾ ഒരുമിച്ച് തുറന്നാൽ വലിയ ദുരന്തം ഉണ്ടാകും. അതിനാൽ ആവശ്യമായ മുന്നറിയിപ്പു നൽകി ഓരോന്നായി മാത്രമേ തുറക്കൂ. ഇപ്പോൾ നീരൊഴുക്ക് കുറഞ്ഞത് ഇതുപോലെ തുടരുകയാണെങ്കിൽ ആശങ്കപ്പെടേണ്ടതില്ലന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ആശയക്കുഴപ്പമില്ലെന്ന് മന്ത്രി വ്യക്തമാക്കി. മന്ത്രിമാര്‍ രണ്ട് തട്ടിലാണെന്ന വാര്‍ത്ത തെറ്റാണ്. വൈദ്യുതി ബോര്‍ഡിന് വേറിട്ടുള്ള നിലപാടില്ലെന്നും മന്ത്രി പറഞ്ഞു.

ജലനിരപ്പ് ഉയര്‍ന്നാല്‍ ഡാം തുറക്കുക തന്നെ ചെയ്യും. ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും എം.എം.മണി വ്യക്തമാക്കി. ആവശ്യംവന്നാല്‍ ഇടുക്കി ഡാം അടക്കമുള്ള ജലസംഭരണികള്‍ തുറക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതാണ്. അതിനുള്ള നടപടികളും എടുത്തിട്ടുണ്ട്. മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. എല്ലാ വശങ്ങളും പരിശോധിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

അതേസമയം ഇടുക്കി ഡാം തുറക്കേണ്ടത് അനിവാര്യമാണെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

Top