ജയരാജനൊപ്പം സര്‍ക്കാര്‍; ബന്ധുനിയമനക്കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം : മുന്‍ മന്ത്രി ഇ.പി.ജയരാജനെതിരായ ബന്ധുനിയമനക്കേസ് അവസാനിപ്പിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.

ജയരാജനെതിരെ കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ തെളിവുകളില്ലെന്നാണ് സര്‍ക്കാര്‍ വാദം.

എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നേരിട്ട് അറിയിക്കട്ടെയെന്ന് ഹൈക്കോടതി അറിയിച്ചു..

ജയരാജനെതിരെ അഴിമതി നിരോധന നിയമം നിലനില്‍ക്കില്ലെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. കേസ് തുടരാനാവില്ലെന്ന് വിജിലന്‍സ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.

നിയമനം ലഭിച്ചിട്ടും പി.കെ.ശ്രീമതിയുടെ മകന്‍ സ്ഥാനമേറ്റില്ല. പ്രതികളാരും സാമ്പത്തിക നേട്ടമുണ്ടാക്കിയില്ല. ഉത്തരവിറങ്ങി മൂന്നാം ദിവസംതന്നെ മന്ത്രി പിന്‍വലിച്ചെന്നുമാണ് വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നത്.

ഇ.പി. ജയരാജന്‍ വ്യവസായ മന്ത്രിയായിരിക്കെ കഴിഞ്ഞ ഒക്ടോബറിലാണ് ബന്ധുവായ സുധീര്‍ നമ്പ്യാരെ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ എം.ഡിയായി നിയമിച്ചത്.

വിവാദമായതോടെ നിയമനം സര്‍ക്കാര്‍ റദ്ദാക്കിയെങ്കിലും ജയരാജനും സുധീര്‍ നമ്പ്യാര്‍ക്കുമെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു. നിയമനം റദ്ദാക്കിയ സാഹചര്യത്തില്‍ ജയരാജനടക്കമുള്ളവര്‍ എന്തു നേട്ടമാണ് ഉണ്ടാക്കിയതെന്ന് വ്യക്തമാക്കണമെന്നും എന്തടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് വിശദീകരിക്കണമെന്നും ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനോടു നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ് വിശദീകരണവും നല്‍കിയിരുന്നു.

അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും ആറുമാസം തടവോ പിഴയോ ശിക്ഷ കിട്ടാവുന്ന ഗൂഢാലോചനക്കുറ്റവും ചുമത്തി ജയരാജനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജയരാജന്‍ നല്‍കിയ ഹര്‍ജിയില്‍ എഫ്.ഐ.ആര്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.

Top