കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാര്‍ പ്രതിപക്ഷത്തെ വേട്ടയാടുന്നെന്ന് പഞ്ചാബ് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ ജിത് സിങ് ഛന്നി. മുഖ്യമന്ത്രിയുടെ മരുമകന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മരുമകന്റെ വീട്ടിലുണ്ടായ റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്നും പഞ്ചാബ് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

റെയ്ഡിലൂടെ തന്നെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുകയാണ് ബിജെപി സര്‍ക്കാര്‍. ഇതിലൂടെ പഞ്ചാബിനെ അപകീര്‍ത്തിപ്പെടുത്താന്‍ കൂടിയാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇ.ഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ രാഷ്ട്രീയ ബന്ധമുള്ള നിരവധി പേര്‍ക്കെതിരെ അന്വേഷണം നടക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അടുത്ത മാസം 20 നു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് പ്രചാരണം ശക്തമായി മുന്നോട്ടു പോകവെയാണ് പഞ്ചാബില്‍ ഇ.ഡി റെയ്ഡ്.

അനധികൃത മണല്‍ ഖനനവുമായി ബന്ധപ്പെട്ട കേസ് ഈ തെരഞ്ഞെടുപ്പിലെ പ്രചാരണത്തില്‍ ചൂടേറിയ വിഷയമാകുമെന്നാണ് കരുതുന്നത്. ഇത്തരം ആരോപണങ്ങള്‍ക്കെതിരെ ശക്തമായ പ്രചാരണവുമായി മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങും രംഗത്തുണ്ട്. എല്ലാ കോണ്‍ഗ്രസ് എം.എല്‍.എ മാര്‍ക്കും അഴിമതിയില്‍ വ്യക്തമായ പങ്കുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആരോപിച്ചു.

Top