അനുപയ്ക്ക് നീതിക്കായി സര്‍ക്കാര്‍ ഇടപെടല്‍;ദത്തു നല്‍കല്‍ നടപടികള്‍ മരവിപ്പിക്കാന്‍ കോടതിയില്‍

തിരുവനന്തപുരം: കടുത്ത പ്രതിഷേധത്തിനും അമ്മയുടെ നിരാഹാര സമരത്തിനും ഒടുവില്‍, അമ്മ അറിയാതെ കുഞ്ഞിനെ ദത്തുനല്‍കിയ കേസില്‍ സര്‍ക്കാര്‍ ഇടപെടല്‍. ദത്തുനല്‍കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ശിശുക്ഷേമ സമിതിക്കും വനിത ശിശുവികസന ഡയറക്ടര്‍ക്കും മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. നടപടികള്‍ നിര്‍ത്തിവച്ചതായി കോടതിയെ അറിയിക്കും. സര്‍ക്കാര്‍ തീരുമാനത്തില്‍ ആശ്വാസമെന്ന് അനുപമ പ്രതികരിച്ചു. താനും കോടതിയെ സമീപിക്കുമെന്നും അനുപമ പറഞ്ഞു.

കോടതിയെ സമീപിക്കാനുള്ള നിര്‍ദേശം മന്ത്രി വീണ ജോര്‍ജ് വകുപ്പ് സെക്രട്ടറിക്കാണ് നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഗവണ്‍മെന്റ് പ്ലീഡര്‍ക്ക് ഇന്ന് തന്നെ കോടതിയെ ഇത് ബോധ്യപ്പെടുത്താനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അല്‍പസമയത്തിനകം തന്നെ ഗവണ്‍മെന്റ് പ്ലീഡര്‍ ഇക്കാര്യം അറിയിക്കും. അനുപമയുടെ കുഞ്ഞിനെ ആന്ധ്രയിലെ ദമ്പതികള്‍ക്ക് ദത്ത് നല്‍കിയതായി ഏകദേശം ഉറപ്പായി കഴിഞ്ഞു. ഇപ്പോള്‍ താല്‍ക്കാലികമായാണ് ദത്ത് നല്‍കിയിരിക്കുന്നത്. ഇതിന്റെ നടപടികള്‍ കോടതിയില്‍ പൂര്‍ത്തിയാവുകയാണ്. അടുത്ത ആഴ്ച ഇതിന്റെ അന്തിമ വിധി കോടതി പുറപ്പെടുവിക്കാനിരിക്കുകയാണ്.

ആന്ധ്രയില്‍ ദത്തു നല്‍കിയ കുഞ്ഞ് തന്റേതാണെന്ന അവകാശവാദം അനുപമ പലതവണ ഉയര്‍ത്തിക്കഴിഞ്ഞു. ഈ കുഞ്ഞിന്റെ ഡി.എന്‍.എ പരിശോധന നടത്തണമെന്നും അനുപമ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് നിവേദനം നല്‍കാനിരിക്കെയാണ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയിരിക്കുന്നത്. ഈ കുഞ്ഞില്‍ അനുപമ അവകാശവാദം ഉയര്‍ത്തിയ കാര്യമാണ് സര്‍ക്കാര്‍ അല്‍പസമയത്തിനകം വഞ്ചിയൂര്‍ കുടുംബ കോടതിയെ അറിയിക്കുക.

തന്റെ കുഞ്ഞിനെ തേടി അമ്മ അനുപമ സെക്രട്ടേറിയറ്റ് നടയില്‍ നിരാഹാരമിരിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ഇടപെടല്‍. പിന്തുണയ്‌ക്കേണ്ട സമയത്ത് പാര്‍ട്ടിയും പൊലീസും നിസംഗരായി നിന്നെന്ന് അനുപമ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

Top