സര്‍ക്കാര്‍ ഇടപെടല്‍; ഔട്ട് ബോര്‍ഡ് മോട്ടോര്‍ എന്‍ജിനുകളുടെ ജി എസ് ടി യില്‍ ഇളവ്

തിരുവനന്തപുരം:  മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഔട്ട് ബോര്‍ഡ് മോട്ടോര്‍ എന്‍ജിനുകളുടെ ജി എസ് ടി യില്‍ ഇളവ് അനുവദിച്ചു. മന്ത്രി സജി ചെറിയാന്റെ ഇടപെടലിനെ തുടര്‍ന്നാണ് മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയ ജി എസ് ടിയില്‍ ഇളവ് അനുവദിച്ചത്.

എഞ്ചിന്റെ അടിസ്ഥാന വിലയ്ക്ക് പുറമെ ജി.എസ്.ടി ചുമത്തിയാണ് വില്പന നടത്തിയിരുന്നത് ഇത് മത്സ്യതൊഴിലാളികള്‍ക്ക് പ്രയാസമുണ്ടാക്കിയിരിന്നു. ഇതില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് മത്സ്യഫെഡ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ഫിഷറീസ് വകുപ്പ് മന്ത്രി, ധനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് അനുകൂല തീരുമാനമുണ്ടായത്. ഇതോടെ നികുതി 28 ശതമാനത്തില്‍ നിന്നും 5 ശതമാനമാക്കി കുറിച്ചു.

പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവനോപാധി ആണ് ഔട്ട് ബോര്‍ഡ് മോട്ടോര്‍ എന്‍ജിനുകള്‍. ഇവ ജപ്പാനിലുള്ള യമഹ, സുസുക്കി കമ്ബനികളില്‍ നിന്നും ഇറക്കുമതി ചെയ്ത് വിതരണം നടത്തുന്ന കേരളത്തിലെ ഏക പൊതുമേഖലാ സ്ഥാപനം മത്സ്യഫെഡാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി കൃത്യതയോടെയും കാര്യക്ഷമതയോടെയും മത്സ്യഫെഡ് ഇറക്കുമതി നടത്തിവരികയാണ്.

നിലവില്‍ മറ്റു വിതരണക്കാരെ അപേക്ഷിച്ച്‌ മത്സ്യഫെഡ് വിതരണം ചെയ്യുന്ന എഞ്ചിനുകള്‍ക്ക് 4000/- രൂപ മുതല്‍ 5000/- രൂപ വരെ വില കുറച്ചാണ് നല്‍കുന്നത്. ഈ മേഖലയിലെ മത്സ്യഫെഡിന്റ ഇടപെടല്‍ മൂലം പൊതു വിപണിയില്‍ ഇത്തരം തൊഴിലുപകരണങ്ങളുടെ വില പിടിച്ചുനിര്‍ത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്. ചരക്ക് സേവന നികുതി നിലവില്‍ വരുന്നതിന് മുന്‍പ് ഇത്തരം എഞ്ചിനുകളുടെ നികുതി VAT 14 % ആയിരുന്നു. എന്നാല്‍ GST നടപ്പിലാക്കിയതോടെ ഇത്തരം ഉല്‍പ്പന്നങ്ങളുടെ നികുതി നിരക്ക് 28 % ആയി ഉയര്‍ത്തി. ഇത് സംബന്ധിച്ച നിവേദനം നല്‍കിയെങ്കിലും ഇളവുകള്‍ അനുവദിച്ചിരുന്നില്ല.

ഔട്ട് ബോര്‍ഡ് എഞ്ചിനുകള്‍ ഇറക്കുമതി ചെയ്യുമ്പോൾ കസ്റ്റംസ് വകുപ്പ് നല്‍കുന്ന ബില്‍ ഓഫ് ലേഡിംഗില്‍ IGST ആയി 28% ഈടാക്കുന്നതിനാല്‍ മത്സ്യഫെഡ് ഉള്‍പ്പെടെയുള്ള എല്ലാ ഔട്ട് ബോര്‍ഡ് എഞ്ചിന്‍ വിതരണക്കാരും ഇപ്പോഴും 28 % GST ഈടാക്കിയാണ് ഒ.ബി.എം. വിപണനം നടത്തുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കുള്ള മത്സ്യബന്ധനോപകരണങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കില്‍ നികുതി ഈടാക്കുന്നത് പല തലങ്ങളില്‍ ചര്‍ച്ച ചെയ്തെങ്കിലും പരിഹാരമുണ്ടായിട്ടില്ല.

മത്സ്യബന്ധന യാനങ്ങളുടെ ജി. എസ്. ടി. നിരക്ക് 5 % ആകയാല്‍ ഇതിന്റെ ഭാഗമായി ഉപയോഗിക്കുന്ന ഔട്ട് ബോര്‍ഡ് മോട്ടോറുകള്‍ക്കും 5 % ജി. എസ്. ടി. ഈടാക്കിയാല്‍ മതിയെന്ന വിഷയം സംബന്ധിച്ച്‌ കെ. ജി. എസ്. ടി. മറ്റൊരു സ്ഥാപനത്തിനായി പുറപ്പെടുവിച്ചിട്ടുള്ള അഡ്വാന്‍സ് റൂളിംഗിന്റെ അടിസ്ഥാനത്തില്‍ മത്സ്യഫെഡ് മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന എഞ്ചിനുകളുടെയും ജി. എസ്. ടി. 5 % ആയി കുറച്ച്‌ കിട്ടണമെന്ന് ബഹു ഫിഷറീസ് വകുപ്പ് മന്ത്രിക്കും ധനകാര്യ വകുപ്പ് മന്ത്രിക്കും മത്സ്യഫെഡ് കത്ത് നല്‍കുകയുണ്ടായി.

ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി മത്സ്യബന്ധനോപകരണങ്ങള്‍ വിതരണം നടത്തുന്ന എഞ്ചിനുകള്‍ക്കും ജി എസ് ടി ഇളവ് അനുവദിച്ചു കൊണ്ട് ജി എസ് ടി വകുപ്പില്‍ നിന്നും കത്ത് ലഭിച്ചു. മത്സ്യത്തൊഴിലാളികള്‍ എഞ്ചിന്‍ വാങ്ങുമ്പോള്‍ വിലയില്‍ 23 % വരെ ഇളവ് ലഭിക്കുന്ന ഈ വിഷയത്തില്‍ സജീവമായി ഇടപെട്ട ഫിഷറീസ് വകുപ്പ് മന്ത്രിയുടെയും ധനകാര്യവകുപ്പ് മന്ത്രിയുടെയും ഇടപെടല്‍ മത്സ്യമേഖലയില്‍ ആശ്വാസമാവുകയാണ്.

Top