സര്‍ക്കാര്‍ ഷൂട്ടിങ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; വനമേഖലകളില്‍ 18,765 രൂപയില്‍ നിന്ന് 31,000 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്

സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വനമേഖലകളില്‍ സിനിമ ഷൂട്ടിങ്ങിനായുള്ള ഫീസ് കൂട്ടി. ഒരു ദിവസത്തേക്ക് 31,000 രൂപയാണ് ഡെപ്പോസിറ്റായി നല്‍കേണ്ടിവരിക. 18,765 രൂപയില്‍ നിന്നാണ്് ഒറ്റയടിക്ക് 31,000 രൂപയാക്കിയത്. മറ്റു സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലും സിനിമാ ചിത്രീകരണത്തിന് നിരക്ക് വര്‍ധിപ്പിച്ചു.

പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുളള അതിഥിമന്ദിരങ്ങള്‍ സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കാന്‍ ദിവസേന 10,000 രൂപയായിരുന്നത് ഇപ്പോള്‍ 35000 രൂപയായി വര്‍ധിപ്പിച്ചെന്ന് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറയുന്നു. കേരളത്തിലെ ഒരു ജയിലില്‍ സിനിമ ചിത്രീകരിക്കമെങ്കില്‍ ഒരുലക്ഷം രൂപ കെട്ടിവയ്ക്കുകയും 45,000 രൂപ ജിഎസ്ടിയായി ഒരു ദിവസത്തേക്ക് അടയ്‌ക്കേണ്ടിവരുന്നതായും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സെക്രട്ടറി ബി രാകേഷ് പറയുന്നു.

ചിത്രീകരണത്തിനുള്ള അനുമതി നേടിയെടുക്കാനും മാസങ്ങളോളം കാത്തിരിക്കേണ്ടിവരുന്നുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടാണ് കേരളത്തിലേക്കുള്ള ഇതരഭാഷ സിനിമാസംഘങ്ങളുടെ വരവു കുറഞ്ഞതെന്നും രാകേഷ് പറഞ്ഞു. സര്‍ക്കാര്‍ സംവിധാനത്തിലുള്ള പല നൂലാമാലകള്‍ കാരണമാണ് അനുമതിലഭിക്കുന്നത് ഇത്രയും വൈകുന്നത്. അപേക്ഷകള്‍ പലപ്പോഴും ചുവപ്പുനാടയില്‍ കുരുങ്ങുന്ന അവസ്ഥയുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

‘സിനിമാ ടൂറിസം പ്രോത്സാഹിപ്പിക്കുമെന്ന് വകുപ്പ് മന്ത്രി പറഞ്ഞിരുന്നെങ്കിലും അത് വാക്കില്‍ മാത്രമൊതുങ്ങി. ചിത്രീകരണങ്ങള്‍ക്ക് അനുമതി ലഭ്യമാക്കുന്നതടക്കമുളള കാര്യങ്ങള്‍ക്ക് ഏകജാലക സംവിധാനമൊരുക്കുമെന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ ഉറപ്പ് ഇന്നും ജലരേഖയാണ്-‘ രാകേഷ് പറയുന്നു. വിഷയം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കാത്തപക്ഷം ഷൂട്ടിങ്ങിനായി മറ്റുസംസ്ഥാനങ്ങള്‍ തേടിപ്പോകേണ്ടിവരുമെന്ന മുന്നറിയിപ്പും നിര്‍മാതാക്കള്‍ നല്‍കുന്നു.

Top