ആര്‍ടിപിസിആര്‍ നിരക്ക് നിശ്ചയിക്കാന്‍ അധികാരമുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ആര്‍ടിപിസിആറിന്റെ നിരക്ക് നിശ്ചയിക്കാന്‍ അധികാരമുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. എന്നാല്‍ ആര്‍ടിപിസിആറും മറ്റും ഡ്രഗ്‌സ് കണ്‍ട്രോള്‍ ആക്ടിനു കീഴിലാണ് വരുന്നതെന്നും കേന്ദ്രത്തിനാണ് നിരക്ക് നിശ്ചയിക്കാന്‍ അധികാരമെന്നും ലാബുടമകള്‍ ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് നിലപാട് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

പരിശോധനാ നിരക്ക് 500 രൂപയായി കുറച്ചതോടെ ലാബുകളെല്ലാം അടച്ചുപൂട്ടലിന്റെ വക്കിലാണ്. വിമാനത്താവളങ്ങളില്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം സേവനമെന്ന നിലയ്ക്കാണ് 448 രൂപയ്ക്ക് പരിശോധന നടത്തുന്നത്. എന്നാലിത് സര്‍ക്കാര്‍ ഇപ്പോള്‍ ചൂഷണം ചെയ്യുകയാണെന്നും ലാബുടമകള്‍ കോടതിയില്‍ വ്യക്തമാക്കി.

മറ്റ് സംസ്ഥാനങ്ങളില്‍ കുറഞ്ഞ നിരക്കിലാണ് പരിശോധന നടത്തുന്നതെന്ന് കോടതി ചൂണ്ടികാട്ടി. എന്നാല്‍ സബ്‌സിഡി നല്‍കുന്നത് കൊണ്ടാകാം ഈ സംസ്ഥാനങ്ങളില്‍ നിരക്ക് കുറഞ്ഞതെന്നായിരുന്നു ലാബുടമകളുടെ മറുപടി. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.

 

Top