സര്‍ക്കാര്‍ ആശുപത്രിയില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ വെന്തുമരിച്ച സംഭവം; എഫ്‌ഐആര്‍ പോലുമില്ല

baby

മഹാരാഷ്ട്ര: ഭണ്ഡാര ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പത്ത് പിഞ്ചുകുഞ്ഞുങ്ങള്‍ വെന്തുമരിച്ച സംഭവത്തില്‍ ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല. ജനുവരി 9 നാണ് ദുരന്തം നടന്നത്. ഇതുവരെ ആര്‍ക്കെതിരെയും നടപടി എടുത്തിട്ടില്ല. എഫ്‌ഐആര്‍ പോലും തയ്യാറാക്കാതെ പൊലീസ് ദുരന്തം അന്വേഷിക്കുന്നതില്‍ വലിയ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. സംഭവത്തില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

കുഞ്ഞുങ്ങളെ പ്രവേശിപ്പിച്ച ഐസിയുവില്‍ പുലര്‍ച്ചെ രണ്ട് മണിയോടെ തീപ്പിടിത്തമുണ്ടാവുകയായിരുന്നു. തീ പടരുമ്പോള്‍ ഒന്ന് മുതല്‍ മൂന്ന് മാസം വരെ മാത്രം പ്രായമുള്ള 17 കുഞ്ഞുങ്ങള്‍ ഐസിയുവില്‍ ഉണ്ടായിരുന്നു. 10 കുഞ്ഞുങ്ങള്‍ ദുരന്തത്തില്‍ മരിച്ചു. അവശേഷിച്ച 7 കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ സാധിച്ചിരുന്നു. ചിലര്‍ക്ക് പൊള്ളലേറ്റിറ്റുണ്ട്. ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെയാണ് തീയണച്ചത്. തൊട്ടടുത്ത് തന്നെയാണ് പ്രസവ വാര്‍ഡും ഡയാലിസിസ് വാര്‍ഡും. പുക നിറഞ്ഞതോടെ ഇവിടെ നിന്നും രോഗികളെ മറ്റൊരു വാര്‍ഡിലേക്ക് ഉടന്‍ മാറ്റി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തെക്കുറിച്ച് ആരോഗ്യമന്ത്രിയുമായും ജില്ലാ കളക്ടറുമായും സംസാരിച്ച ശേഷം മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മരിച്ച കുഞ്ഞുങ്ങളുടെ ബന്ധുക്കള്‍ക്ക് 5 ലക്ഷം വീതം ധനസഹായവും പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കം നിരവധി പേര്‍ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. നേരത്തെയും ചികിത്സാ പിഴവ് നടന്ന ആശുപത്രിയാണിതെന്ന് സ്ഥലവാസികള്‍ ആരോപിച്ചു.

Top