സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സിന്‍ വാങ്ങാന്‍ സര്‍ക്കാര്‍ 126 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സിന്‍ വാങ്ങാന്‍ 126 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 20 ലക്ഷം കോവിഷീല്‍ഡ് വാക്‌സിന്‍ വാങ്ങാനാണ് തുക അനുവദിക്കുക. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനാണ് സ്വകാര്യ ആശുപത്രികള്‍ക്ക് വേണ്ടി വാക്‌സിന്‍ സംഭരിച്ച് വിതരണം ചെയ്യുക.

കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ 10 ലക്ഷം ഡോസ് വീതം രണ്ട് തവണയായി വാക്‌സിന്‍ സംഭരിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് 126 കോടി രൂപ അനുവദിച്ചത്. സ്വകാര്യ ആശുപത്രികളില്‍ നിന്ന് തത്യുല്യമായ തുക പിന്നീട് വാക്‌സിന്‍ വിതരണത്തിന് ശേഷം ശേഖരിച്ച് ഫണ്ടിലേക്ക് തിരിച്ചടയ്‌ക്കേണ്ട ചുമതലയും മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനാണ്.

സ്വകാര്യ ആശുപത്രികളിലേക്ക് വാക്‌സിന്‍ നല്‍കുന്ന നടപടിക്ക് സംസ്ഥാന ഹെല്‍ത്ത് ഏജന്‍സിയും കോര്‍പ്പറേഷനൊപ്പം സഹകരിക്കണമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ പറയുന്നു. സംസ്ഥാന ഹെല്‍ത്ത് ഏജന്‍സി സ്വകാര്യ ആശുപത്രികളുമായി നടത്തിയ ചര്‍ച്ചകളില്‍ 18.18 ലക്ഷം ഡോസ് വാക്‌സിന്റെ ആവശ്യകത ആശുപത്രികള്‍ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ തീരുമാനം.

Top