‘ജുമാ മസ്ജിദുകളിൽ വർഗീയപ്രചാരണം നടക്കുന്നുവെന്ന അഭിപ്രായം സർക്കാരിനില്ല’- മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂർ ജില്ലയിലെ മയ്യിൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ജുമാ മസ്ജിദ് സെക്രട്ടറിക്ക് എസ് എച്ച് ഒ നൽകിയ വിവാദ നോട്ടീസുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജുമാ മസ്ജിദുകളിൽ വർഗീയ പ്രചാരണം നടക്കുന്നു എന്ന അഭിപ്രായം സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രവാചകനിന്ദയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പള്ളികളില്‍ ജുമുഅ നമസ്‌കാരത്തിനുശേഷം നടക്കുന്ന പ്രഭാഷണങ്ങള്‍ നിയന്ത്രിക്കണമെന്നായിരുന്നു എസ് എച്ച് ഒയുടെ നിര്‍ദേശം.

ഇത്തരത്തിലുള്ള ഒരു നോട്ടീസ് തികച്ചും അനവസരത്തിലുള്ളതും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ കാഴ്ചപ്പാടിന് വിരുദ്ധവുമാണ്. മയ്യിൽ എസ് എച്ച് ഒ സർക്കാർ നയം മനസ്സിലാക്കാതെ തെറ്റായ നോട്ടീസാണ് നൽകിയത്. അതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചുമതലയിൽ നിന്ന് ഡി ജി പി മാറ്റിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

Top