വിവധ് സേ വിശ്വാസ് പദ്ധതിയിലൂടെ നികുതിയായി ലഭിച്ചത് 72,480 കോടി രൂപ

ന്യൂഡല്‍ഹി: വിവധ് സേ വിശ്വാസ് പദ്ധതിയിലൂടെ സര്‍ക്കാറിന് ഇതുവരെ നികുതിയായി ലഭിച്ചത് 72,480 കോടി രൂപ. നികുതി തര്‍ക്ക പരിഹാരത്തിനുള്ള ഈ പദ്ധതി പ്രകാരം 45,855 ഡിക്ലറേഷനുകളാണ് ലഭിച്ചത്. ഒരു ലക്ഷം കോടിയുടെ നികുതി തര്‍ക്കങ്ങളാണ് പൊതുമേഖല കമ്പനികള്‍ പദ്ധതി പ്രകാരം തീര്‍പ്പാക്കിയത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പദ്ധതിയുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി കേന്ദ്രസര്‍ക്കാര്‍ നീട്ടിയിരുന്നു.

2021 മാര്‍ച്ച് 31 വരെയാണ് കാലാവധി നീട്ടിയത്. അതേസമയം ഡിസംബര്‍ 31നകം ഇതുമായി ബന്ധപ്പെട്ട ഡിക്ലറേഷനുകള്‍ നല്‍കണം. തര്‍ക്കത്തിലുള്ള നികുതി, പലിശ, പിഴ അല്ലെങ്കില്‍ മറ്റ് ചാര്‍ജുകള്‍ എന്നിവ അടക്കുന്നതിനായാണ് വിവിധ് സേ വിശ്വാസ് പദ്ധതി അവതരിപ്പിച്ചത്. ഇതുപ്രകാരം തര്‍ക്കത്തിലുള്ള നികുതി പൂര്‍ണമായും അതിന്റെ പലിശ അല്ലെങ്കില്‍ മറ്റ് ചാര്‍ജുകള്‍ എന്നിവ 25 ശതമാനവും അടച്ചാല്‍ മതിയാകും. നികുതി തര്‍ക്ക കേസുകളില്‍ തുടര്‍ന്നുള്ള നടപടികളും ഇല്ലാതാകും.

Top