ജനങ്ങള്‍ക്ക് ഭക്ഷണമില്ല; അധിക ഭക്ഷ്യധാന്യമുപയോഗിച്ച് സാനിറ്റൈസര്‍ നിര്‍മ്മിക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: എഫ്സിഐ ഗോഡൗണുകളിലെ അധിക ഭക്ഷ്യധാന്യം ഉപയോഗിച്ച് സാനിറ്റൈസര്‍ നിര്‍മിക്കാനുള്ള എഥനോള്‍ ഉല്‍പാദിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. അരി ഉപയോഗിച്ച് നിര്‍മിക്കുന്ന എഥനോള്‍ അന്തരീക്ഷ മലിനീകരണം കുറക്കാന്‍ പെട്രോളിയത്തില്‍ മിശ്രിതപ്പെടുത്താനും കേന്ദ്രം തീരുമാനിച്ചതായി സൂചന.

രാജ്യവ്യാപക ലോക്ക്ഡൗണിനെ തുടര്‍ന്ന് നിരവധി സംസ്ഥാനങ്ങളില്‍ ആളുകള്‍ക്ക് മതിയായ ഭക്ഷ്യധാന്യം ലഭ്യമാകുന്നില്ലെന്ന പരാതിക്കിടെയാണ് കേന്ദ്രത്തിന്റെ ഈ വിവാദ തീരുമാനം. ജൈവ ഇന്ധന നയ പ്രകാരമാണ് അധിക ഭക്ഷ്യധാന്യം എഥനോള്‍ ഉല്‍പാദനത്തിന് ഉപയോഗിക്കാമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ ജൈവ ഇന്ധന കോ ഓഡിനേഷന്‍ കമ്മിറ്റിയില്‍ തീരുമാനിച്ചത്. കൊവിഡ് 19 പശ്ചാത്തലത്തില്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സാനിറ്റൈസര്‍ ഉല്‍പാദിപ്പിക്കാനും തീരുമാനിച്ചതായി പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.

ഗോഡൗണുകളില്‍ ഭക്ഷ്യധാന്യം ഉണ്ടായിരിക്കെ ഡല്‍ഹിയിലും മറ്റും ആളുകള്‍ പാചകം ചെയ്ത ഭക്ഷണത്തിന് വരി നില്‍ക്കുന്നത് വാര്‍ത്തയായിരുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ രാജ്യത്തെ എല്ലാവര്‍ക്കും മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യധാന്യം സ്റ്റോക്കുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. സൗജന്യമായി എല്ലാവര്‍ക്കും അഞ്ച് കിലോ ഗോതമ്പ് നല്‍കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍, പൊതുവിതരണ സംവിധാനം വഴി റേഷന്‍ കാര്‍ഡുള്ളവര്‍ക്കാണ് ധാന്യം നല്‍കിയത്. ലക്ഷക്കണക്കിന് ആളുകള്‍ പൊതുവിതരണ സംവിധാനത്തില്‍ ഉള്‍പ്പെടുന്നില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Top