സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ കര്‍ഷക ദുരിതം ഉന്നയിച്ച് പ്രതിപക്ഷം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ കര്‍ഷകരുടെ ദുരിതം ഉന്നയിച്ച് പ്രതിപക്ഷം. പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി നടന്ന യോഗത്തിലാണ് പ്രതിപക്ഷം കര്‍ഷകരെപ്പറ്റി സംസാരിച്ചത്. പാര്‍ലമെന്റിന്റെ സുഗമമായ നടത്തിപ്പിന് പ്രതിപക്ഷത്തിന്റെ സഹകരണം അഭ്യര്‍ഥിക്കാനായിരുന്നു യോഗം.

യോഗത്തില്‍ കര്‍ഷകദുരിതം, ജലദൗര്‍ലഭ്യം തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള ആശങ്ക പ്രതിപക്ഷം പങ്കുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്,പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, ആദിര്‍ രഞ്ജന്‍ ചൗധരി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാന്‍, നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഫറൂഖ് അബ്ദുള്ള, എന്‍ സി പി നേതാവ് സുപ്രിയാ സുലെ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. തിങ്കളാഴ്ചയാണ് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നത്.

Top