‘ഞാന്‍ വിഷ്ണുവിന്റെ അവതാരം’ ,ഓഫീസില്‍ വരാന്‍ കഴിയില്ല: സര്‍ക്കാരുദ്യോഗസ്ഥന്റെ കത്ത്

bgavan2

അഹമ്മദാബാദ്: താന്‍ മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമാണെന്നും അതിനാല്‍ ജോലിക്ക് ഹാജരാകാന്‍ കഴിയില്ലെന്നും വ്യക്തമാക്കി ഗുജറാത്തില്‍ സര്‍ക്കാരുദ്യോഗസ്ഥന്റെ കത്ത്. സര്‍ഗാര്‍ സരോവര്‍ പുനര്‍വാസ്‌വദ് (എസ്.എസ്.പി.എ) എഞ്ചിനിയറായ രമേഷ് ചന്ദ്ര ഫെഫാര്‍ ആണ് വിഷ്ണുവിന്റെ അവതാരമായതിനാല്‍ ജോലിക്ക് വരാന്‍ സാധിക്കില്ലെന്ന് അറിയിച്ചത്.

നിരന്തരമായി അവധിയായതിനാലാണ് സൂപ്രണ്ടിങ് എന്‍ജിനിയര്‍ അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. 2010 മാര്‍ച്ചിലാണ് ഞാന്‍ പത്താം അവതാരമായ കല്‍ക്കിയാണെന്ന് മനസ്സിലാക്കിയത്. എനിക്ക് ദൈവിക ശക്തികള്‍ ലഭിച്ചിട്ടുണ്ട്’. രമേഷ് ചന്ദ്ര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ലോക മനസാക്ഷിയില്‍ മാറ്റം വരുത്തുന്നതിനായി താന്‍ വ്രതത്തിലാണ്. അത് ഓഫീസിലിരുന്നു ചെയ്യാന്‍ സാധിക്കില്ല. തന്റെ വ്രതം കൊണ്ട് ഇന്ത്യയില്‍ നല്ല മഴക്കാലം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഓഫീസിലിരുത്തി സമയം കളയുന്നതാണോ അല്ലെങ്കില്‍ രാജ്യത്തെ വരള്‍ച്ചയില്‍ നിന്ന് രക്ഷിക്കാനായി ചില പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതാണോ ഏജന്‍സിക്ക് പ്രധാനമെന്ന് എസ്.എസ്.പി.എ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ എട്ടു മാസത്തിനുള്ളില്‍ ആകെ 16 ദിവസം മാത്രമാണ് രമേഷ് ചന്ദ്ര ഓഫീസില്‍ വന്നത്. ഇതേതുടര്‍ന്നാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

Top