government doctors strike in Alappuzha

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ മിന്നല്‍ പണിമുടക്കില്‍. അരുക്കുറ്റി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ കൈയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ സമരം പ്രഖ്യാപിച്ചത്.സംഭവത്തില്‍ കുറ്റക്കാരായവരെ ഉടന്‍ പിടികൂടിയില്ലെങ്കില്‍ സമരം നാളെമുതല്‍ സംസ്ഥാന വ്യാപകമാക്കുമെന്ന് കെജിഎംഒ അറിയിച്ചിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് അരുക്കൂറ്റി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജന്‍ ഡോ.ആര്‍.വി വരുണിനു നേരെ കൈയേറ്റ ശ്രമം ഉണ്ടായത്. നെഞ്ചുവേദനയെ തുടര്‍ന്ന് ഡോക്ടറെ സമീപിച്ചയാള്‍ക്ക് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന് ആരോപിച്ചാണ് നാട്ടുകാരും ബന്ധുക്കളും അടങ്ങുന്ന വലിയ സംഘം ഡോക്ടറുടെ വീട് ഉപരോധിച്ചതും കൈയേറ്റ ശ്രമം നടത്തിയതും.

അരുക്കുറ്റി പഞ്ചായത്ത് 13ാം വാര്‍ഡിലെ സുഷമാലയം ഗംഗാധരനെയാണ് ഇന്നലെ വൈകിട്ട് ആറുമണിയോടെ ഡോക്ടര്‍ വരുണിന്റെ വീട്ടില്‍ എത്തിച്ചത്.ഡോക്ടര്‍ പരിശോധിച്ചില്ലെന്നും ഇസിജി എടുക്കാന്‍ നിര്‍ദേശിച്ചെന്നും രോഗിക്ക് ഒപ്പമുണ്ടായവര്‍ പറഞ്ഞു. തുടര്‍ന്ന് ഇസിജി എടുത്തശേഷം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയ രോഗിക്ക് നഴ്‌സുമാര്‍ ഗുളികകള്‍ നല്‍കുകയും ചെയ്തു. വീണ്ടും അസ്വസ്ഥത ഉണ്ടായപ്പോള്‍ ഗംഗാധരനെ പിന്നെയും ഡോക്ടറെ വീട്ടിലെത്തിച്ചു. പരിശോധിച്ചശേഷം രോഗി മരിച്ചെന്ന് ഡോക്ടര്‍ അറിയിക്കുകയായിരുന്നെന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ മരണകാരണം ചികിത്സാപിഴവല്ലെന്നും ചികിത്സ നിഷേധിച്ചിട്ടില്ലെന്നും ഡോക്ടര്‍ അറിയിച്ചിട്ടുണ്ട്. കൈയേറ്റത്തില്‍ പരുക്കേറ്റ വരുണിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടര്‍ക്കുനേരെ കൈയേറ്റം ഉണ്ടായതിനു പുറമെ രാത്രി വരുണിന്റെ വീടിനു നേരെയും ആക്രമണം ഉണ്ടായെന്നും കെജിഎംഒ വ്യക്തമാക്കി.

Top