സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല നില്‍പ് സമരം ഇന്നു മുതല്‍

തിരുവനന്തപുരം: കെജിഎംഒഎയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഇന്ന് മുതല്‍ അനിശ്ചിതകാല നില്‍പ്പ് സമരം തുടങ്ങും. റിസ്‌ക് അലവന്‍സ് നല്‍കാത്തതിലും, ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിലുമാണ് പ്രതിഷേധം.

ചികിത്സകളെ ബാധിക്കാത്ത തരത്തിലാകും നില്‍പ്പ് സമരം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ഉള്ള ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കും. ശമ്പള വര്‍ധനവിലെ അപാകതകള്‍ക്ക് എതിരെ മെഡിക്കല്‍ കോളേജ് അധ്യാപക സംഘടനയായ കെ.ജി.എം.സി.ടി.എയും സമരത്തിലാണ്.

അതേസമയം, സംസ്ഥാനത്തെ പി.ജി ഡോക്ടര്‍മാര്‍ ഇന്നുമുതല്‍ പ്രഖ്യാപിച്ച ബഹിഷ്‌കരണ സമരം പിന്‍വലിച്ചു. ഒ.പി, ഐ.പി അടക്കം എല്ലാ എമര്‍ജന്‍സി ഡ്യൂട്ടികളും ബഹിഷ്‌കരിച്ചുള്ള സമരം ആണ് പിന്‍വലിച്ചത്. ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

പിജി ഡോക്ടര്‍മാരുടെ കുറവ് നികത്താന്‍ നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരെ 2 ദിവസത്തിനുള്ളില്‍ നിയമിക്കും എന്ന ഉറപ്പു കിട്ടിയതോടെയാണ് സമരം പിന്‍വലിച്ചത്. നീറ്റ് പിജി പ്രവേശനം നീളുന്നതിന് എതിരെ കഴിഞ്ഞ ഒരാഴ്ചയായി സമരം തുടരുകയാണ്.

പ്രവേശനം നീളുന്നത് കാരണമുണ്ടായ ഡോക്ടര്‍മാരുടെ കുറവും അമിതജോലിഭാരവും ആണ് സമരത്തിന് കാരണമായത്. സുപ്രീം കോടതി ഇടപെടലാണ് പ്രവേശന നടപടികള്‍ നീളാന്‍ കാരണമായത്. ഇതോടെയാണ് താത്കാലിക പരിഹാരത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുത്തത്.

Top