സര്‍ക്കാര്‍ പരസ്യങ്ങള്‍ ഇന്ത്യന്‍ മാധ്യമ സ്വാതന്ത്രം നിര്‍ണ്ണയിക്കുമ്പോള്‍

ന്യൂഡല്‍ഹി: പരസ്യം നല്‍കി മാധ്യമസ്വാതന്ത്രത്തെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ആക്ഷേപം. 2009 മുതലുള്ള സര്‍ക്കാര്‍ പരസ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ദേശീയ ഓണ്‍ലൈന്‍ മാധ്യമം ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്. രാജ്യത്തെ പത്രമാധ്യമങ്ങളുടെ 75 ശതമാനവും വരുമാനം സര്‍ക്കാര്‍ പരസ്യങ്ങളില്‍ നിന്നാണെന്നാണ് വിവരം. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളുടെയും പേരില്‍ നിരവധി മാധ്യമ സ്ഥാപനങ്ങളാണ് ഇന്ത്യയിലുള്ളത്. ആര്‍എസ്എസിന്റെ മുഖപത്രമായ പാഞ്ച്ജനയ അടക്കമുള്ള രാഷ്ട്രീയ മാധ്യമ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് കിട്ടുന്ന വരുമാനത്തില്‍ വലിയ വര്‍ദ്ധനവാണ് അടുത്ത കാലയളവില്‍ ഉണ്ടായിരിക്കുന്നത്.

പത്രം വിറ്റുകിട്ടുന്ന വരുമാനം വെറും 5 മുതല്‍ 15 വരെ ശതമാനം മാത്രമാണ്. പരസ്യ വരുമാനമാണ് എല്ലാത്തരത്തിലും ഒരു സ്ഥാപനത്തെ മുന്നോട്ട് നയിക്കുന്നത്. 2007-2019 കാലഘട്ടത്തിലെ കണക്കു പരിശോധിച്ചാല്‍ (ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം) ടെലിവിഷന്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് പരസ്യത്തിലൂടെ ലഭിക്കുന്ന വരുമാനത്തില്‍ വലിയ കുതിച്ചു ചാട്ടമാണ് 2015നു ശേഷം ഉണ്ടായിരിക്കുന്നത്. 1000 ബില്യണ്‍ രൂപയ്ക്ക് മുകളിലാണ് ഇത് എത്തിയിരിക്കുന്നത്. പത്രങ്ങളിലും സമാനമായ കാലയളവില്‍ വലിയ വളര്‍ച്ച ഉണ്ടായിട്ടുണ്ട്.

90 ശതമാനത്തിനു മുകളില്‍ പരസ്യത്തില്‍ നിന്നുള്ള വരുമാനം വരികയാണെങ്കില്‍ അത് ഒരു പരസ്യക്കമ്പനിയായിട്ട് പരിഗണിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതിനാല്‍, മാധ്യമ പ്രവര്‍ത്തനം എന്ന നിലയില്‍ ഈ മുന്നേറ്റം വലിയ തിരിച്ചടിയുണ്ടാക്കും.

സര്‍ക്കാര്‍ നല്‍കുന്ന പരസ്യങ്ങളുടെ കാര്യത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2009നു ശേഷം ചെറുകിട പത്രങ്ങളുടെ സര്‍ക്കാര്‍ വരുമാനത്തില്‍ വലിയ മാറ്റം ഉണ്ടായി. എന്നാല്‍, വലിയ പത്രസ്ഥാപനങ്ങള്‍ ഇവയെ അത്രയ്ക്ക് ആശ്രയിക്കുന്നില്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ പരസ്യങ്ങളാണ് ഇത്തരത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്. സ്വച്ഛ് ഭാരത്, സ്‌ക്കില്‍ ഇന്ത്യ, ഇന്ദ്രധനുഷ്, മുദ്ര, ഭീമാ യോജന, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ തുടങ്ങിയ പദ്ധഥികളുടെ പരസ്യങ്ങളാണ് ഇതില്‍ മുന്നില്‍.

2015-16 കാലഘട്ടത്തില്‍ 250 കോടിയില്‍ നിന്ന് 350 കോടി രൂപയിലേയ്ക്കാണ് പരസ്യങ്ങള്‍ വളര്‍ന്നത്. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഉറുദു പത്രങ്ങള്‍ക്ക് ലഭിക്കുന്ന പരസ്യ വരുമാനത്തില്‍ വലിയ കുറവ് വന്നിട്ടുണ്ട്.

ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം ആര്‍എസ്എസ് മുഖപത്രത്തിന് 466 ശതമാനം വരുമാന വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിന്റെ ഇംഗ്ലീഷ് പതിപ്പിന് 214 ശതമാനം വരുമാന വര്‍ദ്ധനവും ഉണ്ടായി. ദക്ഷിണേന്ത്യയിലെ ആര്‍എസ്എസ് പത്രത്തിന്റെ വരുമാനത്തില്‍ 413 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്.

നിലവിലെ സര്‍ക്കാര്‍ 896 പത്രങ്ങളുടെ വരുമാനത്തില്‍ 50 ശതമാനമാണ് വര്‍ദ്ദനവ് ഉണ്ടാക്കിയത്. എന്നാല്‍ 2664 പത്രങ്ങളുടെ കാര്യത്തില്‍ 50 ശതമാനത്തില്‍ കൂടുതല്‍ വരുമാനക്കുറവ് ഉണ്ടായി. സര്‍ക്കാരുകള്‍ മാധ്യമ പ്രവര്‍ത്തനത്തെ പ്രാധാന്യത്തോടെയും ശ്രദ്ധയോടെയുമാണ് കൈകാര്യം ചെയ്യുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Top