സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി തരണം ചെയ്യുന്നതിനായി പുതിയ സർക്കാർ പദ്ധതി. ഈ മേഖലയിൽ ശക്തമായ ഇടപെടലുകള്‍ നടത്തുവാനാണ് സര്‍ക്കാര്‍ സുപ്രധാന പദ്ധതി തയ്യാറാക്കിയതെന്ന് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. ഇതിനായി സഹകരണ ബാങ്കുകളുടെ സഞ്ചിതനിധി രൂപീകരിക്കും നിക്ഷേപം തിരിച്ചു നല്‍കുവാന്‍ ബുദ്ധിമുട്ട് നേരിടുന്ന സഹകരണ ബാങ്കുകളെ സഹായിക്കുക വഴി സഹകരണ മേഖലയിലെ നിക്ഷേപം നഷ്ടപ്പെടാതിരിക്കാനും പ്രസ്തുതസ്ഥാപനങ്ങളെ മികവുറ്റവതാക്കാനുമുള്ള കര്‍മ്മപരിപാടിയാണ് നടപ്പിലാക്കുന്നത്. പ്രതിസന്ധിയില്‍പ്പെട്ട സ്ഥാപനങ്ങളെ ഓരോന്നായി എടുത്ത് പഠനം നടത്തി പോരായ്മകള്‍ കണ്ടെത്തി അവ പരിഹരിക്കും. അനഭലക്ഷിണീയ പ്രവണതകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടി സ്വീകരിക്കും. ഇതിനാവശ്യമായ നിയമ ഭേദഗതികള്‍ സമഗ്ര നിയമത്തില്‍ ഉള്‍പ്പെടുത്തും.

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ പണം നിക്ഷേപിച്ചവര്‍ക്ക് നിക്ഷേപ തുക തിരികെ നല്‍കുന്നതിനും ഇപ്പോള്‍ ബാങ്ക് നേരിടുന്ന പ്രതിസന്ധി മറികടക്കുന്നതിനുമായി ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. നിലവില്‍ ബാക്കി നില്‍ക്കുന്ന നിക്ഷേപം, കൊടുക്കാനുള്ള പലിശ, കാലാവധി എത്തിയ നിക്ഷേപം, ഇതിന് നല്‍കാനുള്ള പലിശ എന്നിവ സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ തയ്യാറാക്കിയിട്ടുണ്ട്. കാലാവധി പൂര്‍ത്തിയായ നിക്ഷേപങ്ങള്‍ തിരിച്ചു നല്‍കുന്നതിനായി 35 കോടി രൂപ അടിയന്തിരമായി കരുവന്നൂര്‍ ബാങ്കിന് നല്‍കും. കേരള ബാങ്കില്‍ നിന്ന് 25 കോടി രൂപയും, സഹകരണ വികസന ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 10 കോടി രൂപയുമാണ് ഇതിനായി ലഭ്യമാക്കുക. കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ ആസ്തികളുടെ ഈടിന്മേലാണ് 25 കോടി രൂപ കേരള ബാങ്ക് അനുവദിക്കുക. കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ കൈവശമുള്ള സ്വര്‍ണ്ണവും മറ്റു ബാധ്യതകളില്‍ പെടാത്ത സ്ഥാവര വസ്തുക്കളുമാണ് കേരള ബാങ്കിന് ഈടായി നല്‍കുന്നത്. ഇതു സംബന്ധിച്ച ക്രമീകരണങ്ങള്‍ സഹകരണ വകുപ്പിന്റെ ജില്ലാതല ഉദ്യോഗസ്ഥരും ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയും സ്വീകരിച്ചിട്ടുണ്ട്.

കരുവന്നൂര്‍ ബാങ്കില്‍ ആകെ നിക്ഷേപം 284.61 കോടി രൂപയും, പലിശ കൊടുക്കാനുള്ളത് 10.69 കോടി രൂപയുമാണ്. കാലാവധി എത്തിയ നിക്ഷേപം 142.71 കോടി രൂപയാണ്. സംഘത്തിന് വായ്പാ ബാക്കി നില്‍പ്പ് 368 കോടി രൂപയും, പലിശ ലഭിക്കാനുള്ളത് ബാക്കി നില്‍പ്പ് 108.03 കോടി രൂപയുമാണ്. ഇപ്രകാരം 476 കോടി രൂപ സംഘത്തിന് ഈ ഇനത്തില്‍ പിരിഞ്ഞു കിട്ടാനുണ്ട്. സംഘത്തിന് വായ്പാ ഇനത്തില്‍ പിരിഞ്ഞു കിട്ടേണ്ട തുകകള്‍ ഈടാക്കി എടുക്കുന്നതിനായി 217 ആര്‍ബിട്രേഷന്‍ കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. വിധിയായ ആര്‍ബിട്രേഷന്‍ കേസുകളില്‍ 702 എണ്ണത്തിന്റെ എക്‌സിക്യൂഷന്‍ നടപടികളും അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഇതിനകം സ്വീകരിച്ചിട്ടുണ്ട്. എക്‌സിക്യൂഷന്‍ നടപടികള്‍ വേഗത്തിലാക്കുന്നതിനായി സഹകരണ വകുപ്പിലെ നാല് സ്‌പെഷ്യല്‍ സെയില്‍ ഓഫീസര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഇപ്രകാരം ഈടാക്കി എടുക്കുന്ന തുക നിക്ഷേപം മടക്കി നല്‍കുന്നതിനും സംഘം പ്രവര്‍ത്തനം തുടര്‍ന്ന് കൊണ്ടു പോകുന്നതിന് ഉതകുന്ന തരത്തില്‍ വിനിയോഗിക്കുന്നതിനും കഴിമെന്നും മന്ത്രി അറിയിച്ചു

പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ മിച്ചധനവും, കരുതല്‍ ധനവും പൊതുധാരണയുടെ അടിസ്ഥാനത്തില്‍ സ്വരൂപിച്ചാണ് സഞ്ചിത നിധി രൂപീകരിക്കുന്നത്. ഇതിലേക്കായി സഹകരണ ചട്ടത്തില്‍ ആവശ്യമായ ഭേദഗതി വരുത്തും. സംഘങ്ങളുടെ സഹകരണത്തോടെ ഇപ്രകാരം രൂപീകരിക്കുന്ന സഹകരണ സംരക്ഷണ നിധി, കേരളത്തിലെ സഹകരണ മേഖലയുടെ പൊതുവായ വികസനത്തിനും, പ്രതിസന്ധിയിലായതും, പ്രതിസന്ധി തരണം ചെയ്യാന്‍ കഴിയുമെന്ന് ഉത്തമ ബോധ്യമുള്ള പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ പ്രതിസന്ധി തരണം ചെയ്യുന്നതിനായും ഉപയോഗിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

നിധിയിലേക്ക് ലഭ്യമാകുന്ന തുകയ്ക്ക് സംഘങ്ങള്‍ക്ക് നിലവില്‍ ലഭിക്കുന്ന പലിശ വരുമാനം ഉറപ്പുവരുത്തും. നിധിയിലേക്ക് മുതല്‍ക്കൂട്ടുന്ന തുക ഒരു നിശ്ചിത കാലപരിധിയ്ക്ക് ശേഷമോ സംഘങ്ങള്‍ക്ക് അടിയന്തിര സാഹചര്യം ഉണ്ടാകുമ്പോഴോ പലിശയടക്കം തിരികെ നല്‍കുന്നതിനും വ്യവസ്ഥ ചെയ്യും. ഇതിലേക്കായി വിശദമായ സ്‌കീം തയ്യാറാക്കുമെന്നും മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു.

Top