Government clears purchase of Rs 39000cr Russian missile systems

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് ഇന്ത്യ അഞ്ച് എസ് 400 ട്രയംഫ് എയര്‍ ഡിഫന്‍സ് മിസൈലുകള്‍ വാങ്ങും. 39,000 കോടിയുടെ കരാറാണ് ഒപ്പു വയ്ക്കുക. മിസൈല്‍ വാങ്ങാനുള്ള കരാറിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. വിമാനങ്ങളേയും ഡ്രോണുകളേയും മിസൈലുകളേയും നശിപ്പിയ്ക്കാന്‍ കഴിയുന്ന മിസൈലുകളാണ് വാങ്ങുന്നത്. റഷ്യയില്‍ നിന്ന് മിസൈല്‍ വാങ്ങാനുള്ള നീക്കം നാറ്റോ രാജ്യങ്ങളേയും ആശങ്കപ്പെടുത്തിയിട്ടുണ്ട്.

400 കിലോമീറ്റര്‍ ദൂരപരിധിയില്‍ തന്നെ ഇത്തരത്തില്‍ ആക്രമണം തടയാന്‍ കഴിയുന്ന മിസൈലുകളാണിവ. പ്രതിരോധ മന്ത്രി മനോഹര്‍ പരീഖര്‍ അദ്ധ്യക്ഷനായ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലാണ് മിസൈല്‍ വാങ്ങാന്‍ തീരുമാനമെടുത്തത്. പാകിസ്ഥാനെ ലക്ഷ്യം വച്ച് മൂന്ന് മിസൈലുകള്‍ പടിഞ്ഞാറും ചൈനയെ ലക്ഷ്യം വച്ച് രണ്ടെണ്ണം കിഴക്കും വിന്യസിയ്ക്കാനാണ് നീക്കം.

24ന് മോസ്‌കോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി നടത്തുന്ന ചര്‍ച്ചയില്‍ മിസൈല്‍ കരാറും ഉള്‍പ്പെടും. അതേ സമയം കരാര്‍ പ്രാബല്യത്തില്‍ വരാന്‍ സമയമെടുത്തേക്കും. ആണവനിലയങ്ങള്‍ക്കുള്‍പ്പടെ സംരക്ഷണം നല്‍കുന്നതിനായി വ്യോമസുരക്ഷ ശക്തമാക്കാനുള്ള നീക്കത്തിനിടെ എസ് 400 പ്രതിരോധത്തിന് കരുത്ത് പകരും. പ്രതിരോധ രംഗത്ത് ആധുനികവത്കരണത്തിനായി 25,985 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്.

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി 200 കാമോവ് ഹെലികോപ്റ്ററുകള്‍ ഇന്ത്യയില്‍ നിര്‍മ്മിയ്ക്കാനും പദ്ധതിയുണ്ട്. ആണവായുധവാഹിനിയായ മുങ്ങിക്കപ്പല്‍ റഷ്യയില്‍ നിന്ന് 10,000 കോടിയോളം രൂപ പാട്ടത്തിനെടുക്കാനും ആലോചിയ്ക്കുന്നുണ്ട്. ഇന്ത്യയുടെ രണ്ടാമത്തെ ആണവായുധ മുങ്ങിക്കപ്പലായിരിയ്ക്കും ഇത്. നേരത്തെ 2012ല്‍ ഐ.എന്‍.എസ് ചക്ര റഷ്യയില്‍ നിന്ന് പത്ത് വര്‍ഷത്തെ പാട്ടത്തിനെടുത്തതാണ്. 2004ലാണ് ആറായിരം കോടി രൂപയുടെ കരാര്‍ ഒപ്പു വച്ചത്.

റഷ്യയുമായി ഇതുവരെ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ കരാറാണ് എസ് 400 മിസൈല്‍ കരാര്‍. റഷ്യയുമായി ഇന്ത്യ മിസൈല്‍ കരാര്‍ ഒപ്പുവയ്ക്കുന്നതില്‍ നാറ്റോ സഖ്യവും നിലവില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ ദാതാക്കളായ അമേരിക്കയേയും അസ്വസ്ഥമാക്കുന്നുണ്ട്. റഷ്യയുമായുള്ള കരാര്‍ ഒപ്പിടുന്നതിന് അമേരിക്ക തടസം സൃഷ്ടിയ്ക്കാന്‍ നിരന്തരം ശ്രമിച്ചിരുന്നു.

Top