കോവിഡ് മരണ പട്ടികയിലും തരംതിരിവ്; പലരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: കോവിഡ് പോസിറ്റീവ് ആയി മരിച്ചവരില്‍ പലരെയും കോവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ വിമര്‍ശനം. ജില്ലകളില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം കോവിഡ് പോസിറ്റീവ് ആയി മരിച്ച 39 പേരെ ഇതുവരെ സര്‍ക്കാരിന്റെ പട്ടികയില്‍ പെടുത്തിയിട്ടില്ല. ഇതില്‍ 31 പേരും ജൂലൈ 20നു ശേഷം മരിച്ചവരാണ്.

ആരോഗ്യവകുപ്പിന്റെ ദിവസേനയുള്ള ബുള്ളറ്റിനില്‍ ഈ മരണങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഇന്നലെ മുതല്‍ ഒഴിവാക്കി. കോവിഡ് പോസിറ്റീവ് ആയി മരിച്ചവരില്‍ 30 ശതമാനത്തിലേറെപ്പേരുടെ മരണകാരണം കോവിഡ് അല്ലെന്നാണു സര്‍ക്കാരിന്റെ നിലപാട്. നിലവില്‍ 82 പേരാണ് സര്‍ക്കാരിന്റെ പട്ടികയിലുള്ളത്.

പ്ലാസ്മ തെറപ്പി നൽകി ജീവൻ രക്ഷിക്കാൻ ശ്രമിച്ചവർ പോലും മരണപ്പട്ടികയ്ക്കു പുറത്തായി. ലോകാരോഗ്യസംഘടനയുടെ മാർഗനിർദേശപ്രകാരമാണു കോവിഡ് മരണങ്ങൾ രേഖപ്പെടുത്തുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാൽ, ഇതു ശരിയല്ലെന്നു മെഡിക്കൽ രംഗത്തെ വിദഗ്ധർ പറയുന്നു.

Top