ഭരണകൂടത്തിന്റെ സര്‍ട്ടിഫിക്കറ്റ് ചരിത്ര പോരാട്ടങ്ങള്‍ക്ക് ആവശ്യമില്ല

രു പുസ്തകം പിന്‍വലിക്കാന്‍ ആര്‍ക്കും കഴിയും. പക്ഷേ ചരിത്രത്തെ പിന്‍വലിക്കാന്‍ ഒരിക്കലും കഴിയുകയില്ല. അത് ജനമനസ്സുകളിലേക്ക് തലമുറകളായി പകര്‍ത്തപ്പെടുക തന്നെ ചെയ്യും. സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍ നിന്നും പുന്നപ്ര- വയലാര്‍, കരിവള്ളൂര്‍, കാവുമ്പായി സമരനായകരെ ഒഴിവാക്കാനാണ് അണിയറയില്‍ ഇപ്പോള്‍ ശ്രമങ്ങള്‍ നടക്കുന്നത്. ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ പുറത്തിറക്കിയ രക്തസാക്ഷികളുടെ നിഘണ്ടു എന്ന പുസ്തകത്തില്‍ നിന്നുമാണ് ഈ ധീര രക്തസാക്ഷികളുടെ പേര് വെട്ടിമാറ്റാന്‍ ശ്രമിക്കുന്നത്. സംഘപരിവാര്‍ താല്‍പര്യമാണ് ഇതുവഴി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ അംഗം ഡോ- സി.ഐ ഐസക്ക് റിപ്പോര്‍ട്ടും നല്‍കി കഴിഞ്ഞിട്ടുണ്ട്.

ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ഭാരതീയ വിചാര കേന്ദ്രത്തിന്റെ വൈസ് പ്രസിഡന്റ് കൂടിയാണ് ഐസക്. മുന്‍പ് ബി.ജെ.പി കേന്ദ്രം ഭരിച്ചപ്പോഴും ഇദ്ദേഹം ചരിത്ര ഗവേഷണ കൗണ്‍സില്‍ അംഗമായിരുന്നു. മലബാര്‍ കലാപ നായകന്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയടക്കമുള്ളവരെ പട്ടികയില്‍ നിന്നും ഒഴിവാക്കുന്നതിനൊപ്പമാണ്,കമ്യൂണിസ്റ്റ് – കര്‍ഷക പോരാളികളെയും വെട്ടിനിരത്തുന്നത്. ബ്രിട്ടീഷ് ഔദ്യോഗിക രേഖകളില്‍ ഇവരുടെ പേരില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഈ നടപടി. ഇത് ചരിത്രത്തോടുള്ള നീതി നിഷേധമാണ്. സംഘപരിവാറിന്റെ പാവയായി ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ മാറുന്നത് ദൗര്‍ഭാഗ്യകരമാണ്.

രക്തസാക്ഷികളുടെ നിഘണ്ടു-അഞ്ചാം ഭാഗത്തിലാണ് കമ്യൂണിസ്റ്റ് – കര്‍ഷക സമര നായകരുടെ പേരുള്ളത്. പുന്നപ്ര വയലാര്‍ സമരത്തെ സ്വാതന്ത്ര്യ സമരമായി മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇക്കാര്യവും അഭിനവ ചരിത്രകാരന്‍മാര്‍ക്ക് ഓര്‍മ്മ വേണം. ഈ സമരത്തില്‍ പങ്കെടുത്ത ജീവിച്ചിരിക്കുന്ന പോരാളിയാണ്, സഖാവ് വി.എസ്.അച്ചുതാനന്ദന്‍. ചാനലുകളില്‍ പോരാട്ടം നടത്തിയല്ല നിറതോക്കുകള്‍ക്ക് മുന്നില്‍ നെഞ്ചുവിരിച്ചാണ് ധീര പോരാളികള്‍ ബ്രിട്ടീഷ് പട്ടാളത്തെ നേരിട്ടത്. തിരുവിതാംകൂര്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ ഏടാണിത്. 1938-48 കാലഘട്ടത്തിലെ ഈ പോരാട്ടങ്ങള്‍.

സ്വാതന്ത്ര്യസമരമുന്നേറ്റങ്ങളെ സ്വേച്ഛാധിപതിയായ ദിവാന്‍ അടിച്ചൊതുക്കാന്‍ ശ്രമിക്കുമ്പോഴും ശക്തമായ ജനകീയ മുന്നേറ്റമാണ് ഉയര്‍ന്നു വന്നിരുന്നത്. ഈ ബഹുജന മുന്നേറ്റത്തിലെ ചോര കിനിയുന്ന അദ്ധ്യായമാണ് പുന്നപ്ര-വയലാര്‍ സമരം. ഇന്ത്യ സ്വാതന്ത്ര്യത്തോട് നടന്നടുക്കുന്ന അവസാന നാളുകളിലാണ് ‘സ്വതന്ത്ര തിരുവിതാംകൂര്‍’ എന്ന വാദവുമായി ദിവാന്‍ രംഗത്തുവന്നിരുന്നത്. ഈ വാദത്തിനെതിരായി ആലപ്പുഴയിലെ തൊഴിലാളികള്‍ 1946 ഒക്റ്റോബര്‍ 24 മുതല്‍ ഒക്ടോബര്‍ 27 വരെ നടത്തിയ പണിമുടക്കിന്റെയും ചെറുത്തുനില്‍പ്പിന്റെയും പോരാട്ടമാണ് പുന്നപ്ര-വയലാറിലുണ്ടായത്.
സായുധപൊലീസും പട്ടാളവും ജന്മി ഗുണ്ടകളും ചേര്‍ന്ന മര്‍ദ്ദകപ്പടയ്‌ക്കെതിരായി കയ്യില്‍ കിട്ടിയ ആയുധങ്ങളുമായി തൊഴിലാളികള്‍ നടത്തിയ പോരാട്ടം ചരിത്രത്തിലെ ഏറ്റവും ആവേശകരമായ പോരാട്ടമാണ്.

തിരുവിതാംകൂറിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ രാഷ്ട്രീയ ചരിത്രത്തിലെ അത്ഭുതപൂര്‍വ്വമായ ഒരു മുന്നേറ്റമായിരുന്നു അത്. അന്തിമ വിജയവും പുന്നപ്ര- വയലാറിലെ ചുവപ്പ് പോരാളികള്‍ക്ക് തന്നെയായിരുന്നു. 1946 ഡിസംബറില്‍ ജന്മിത്വത്തിനും സാമ്രാജ്വത്വത്തിനുമെതിരെ തന്നെയാണ് കരിവെള്ളൂരും കാവുമ്പായിയിലും പോരാട്ടം നടന്നിരുന്നത്. കര്‍ഷകര്‍ ചോര ചീന്തി നടത്തിയ ഈ പോരാട്ടങ്ങളുടെയെല്ലാം ഉല്‍പ്പന്നമാണ് ഇന്നത്തെ കേരളം. ചുവപ്പ് കണ്ട കാളയുടെ അവസ്ഥ കാവിക്കൂട്ടത്തിനുണ്ടാകാം. അത് സ്വാഭാവികമാണ്. എന്നാല്‍ ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന് അതുണ്ടാകാന്‍ പാടില്ല. തലമുറകളോട് ചെയ്യുന്ന വഞ്ചനയാണത്. ചരിത്ര താളുകളില്‍ നിന്നും നിങ്ങള്‍ പിഴുതെറിഞ്ഞാല്‍ അവസാനിക്കുന്നതല്ല ചരിത്ര സത്യങ്ങള്‍. അക്കാര്യവും ഓര്‍ക്കുന്നത് നല്ലതാണ്.

Top