സര്‍ക്കാര്‍ ജനവികാരത്തിനൊപ്പം; സ്റ്റെര്‍ലൈറ്റ് പ്ലാന്റിനു നല്‍കിയ ഭൂമി തിരിച്ചുപിടിക്കാന്‍ നീക്കം

str

ചെന്നൈ: തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടിയതിനു പിന്നാലെ രണ്ടാമത്തെ പ്ലാന്റിനു നല്‍കിയ ഭൂമി തിരിച്ചുപിടിക്കാന്‍ എടപ്പാടി പളനിസ്വാമി സര്‍ക്കാര്‍ തീരുമാനിച്ചു.നീണ്ട പ്രക്ഷോഭങ്ങള്‍ക്കും സമരങ്ങള്‍ക്കുമൊടുവില്‍ തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ കമ്പനിയുടെ ചെമ്പ് സംസ്‌കരണശാല അടച്ചു പൂട്ടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് പുതിയ തീരുമാനം.

തുടര്‍ന്ന് ജനങ്ങളില്‍ നിന്ന് ഏറ്റെടുത്ത ഭൂമി തിരിച്ച് നല്‍കണമെന്ന ആവശ്യവുമായി പ്രക്ഷോഭകര്‍ രംഗത്തെത്തി. ജലവും വായുവുമെല്ലാം മലിനമാക്കുന്ന പ്ലാന്റിനെതിരെ പ്രതിഷേധം ഉയരുമ്പോള്‍ രണ്ടാമത്തെ പ്ലാന്റ് തുടങ്ങാനുള്ള തീവ്രശ്രമത്തിലായിരുന്നു വേദാന്ത ഗ്രൂപ്പ്.

കഴിഞ്ഞ ദിവസമാണ് പ്ലാന്റ് അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. പ്രതിഷേധസമരം ശക്തമായ സാഹചര്യത്തിലാണ് മദ്രാസ് ഹൈക്കോതി പ്ലാന്റ് നിര്‍മാണം നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍ അനധികൃതമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി കമ്പനി മുന്നോട്ടുപോകുകയായിരുന്നു.

നേരത്തെ, സമരക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവയ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. പ്ലാന്റില്‍ നിന്ന് പുറന്തള്ളുന്ന മാലിന്യങ്ങള്‍ കൃഷി നശിപ്പിക്കുന്നതായും പ്രദേശത്തെ ജലസംഭരണികളും വായുവും ഇതിലൂടെ മലിനപ്പെടുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു.

Top