ആന്ധ്രപ്രദേശിൽ ഇനി നിക്ഷേപത്തിനില്ല; ജഗൻ മോഹൻ സർക്കാരിൽ അതൃപ്തി അറിയിച്ച് ലുലു ഗ്രൂപ്പ്

ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ ഇനിയൊരു പദ്ധതിയിലും നിക്ഷേപം നടത്തില്ലെന്ന് ലുലു ഗ്രൂപ്പ്. വ്യവസായത്തിനായി സംസ്ഥാനത്ത് ലുലു ഗ്രൂപ്പിന് ഭൂമി അനുവദിക്കാനുള്ള തീരുമാനം സർക്കാർ പിൻവലിച്ചതിനെത്തുടർന്നാണ് പുതിയ തീരുമാനം.

മുൻ ടിഡിപി സർക്കാരുമായി സുതാര്യമായ രീതിയിലായിരുന്നു ഇടപാടുകൾ നടന്നതെന്ന് ലുലു ഗ്രൂപ്പ് പറയുന്നു. എന്നാൽ പുതിയ സർക്കാർ ഇത് റദ്ദാക്കുകയായിരുന്നു. ഇനി മേലിൽ ആന്ധ്രാപ്രദേശിൽ ഏതെങ്കിലും പദ്ധതിയിൽ നിക്ഷേപമിറക്കാൻ തങ്ങൾ തയ്യാറല്ലെന്നും അവർ പറഞ്ഞു.

അന്താരാഷ്ട്ര കൺവെൻഷൻ സെന്റർ നിർമിക്കാൻ ആന്ധ്രപ്രദേശിൽ 2,200 കോടി രൂപയുടെ നിക്ഷേപം നടത്താൻ കഴിഞ്ഞവർഷം ലുലു ഗ്രൂപ്പ് തീരുമാനിച്ചിരുന്നു. കൺവെൻഷൻ സെന്ററിനൊപ്പം ഷോപ്പിങ് മാൾ, ഫൈവ് സ്റ്റാർ ഹോട്ടൽ എന്നിവയെല്ലാം അടങ്ങിയതായിരുന്നു പദ്ധതി.ടിഡിപി സർക്കാരായിരുന്നു ഇതിന് അനുമതി നൽകിയത്. ഇതിനു പുറമെ പദ്ധതി വഴി ആന്ധ്രപ്രദേശിൽ 7,000 തൊഴിലും വാഗ്ദാനം ചെയ്യുകയുണ്ടായി.ലുലു ഗ്രൂപ്പ് ഇവിടെ പദ്ധതിയുടെ തറക്കല്ലിടലും നടത്തിയിരുന്നു.

എന്നാൽ ജഗൻ മോഹൻ റെഡ്ഡി സർക്കാർ അധികാരത്തിലേറിയതോടെ ഭൂമിക്കുള്ള അനുമതി സർക്കാർ നിരസിക്കുകയായിരുന്നു. മുൻ സർക്കാർ അനുവദിച്ചിരുന്ന 13.83 ഏക്കർ സ്ഥലം തിരികെ പിടിക്കുകയും ചെയ്തു. സ്ഥലം അനുവദിച്ചതിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ആഗോള ടെണ്ടർ വിളിക്കാതെ, ലുലു ഗ്രൂപ്പിന് ഭൂമി നൽകുകയായിരുന്നെന്നാണ് സർക്കാർ പറയുന്നത്.

സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നടപടിയുടെ പശ്ചാത്തലത്തിൽ ആന്ധ്രയിൽ പുതിയ പദ്ധതികളിലൊന്നും പണം മുടക്കേണ്ടെന്നാണ് കമ്പനിയുടെ തീരുമാനം. എന്നാൽ ഉത്തർപ്രദേശ്, തെലങ്കാന, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ നിശ്ചയിച്ച പ്രകാരം മുന്നോട്ടുപോകുമെന്നും കമ്പനി വ്യക്തമാക്കി.

Top