കേരളത്തിലെ പ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

heavy rain fall in kerala

കൊച്ചി: കേരളത്തിലെ മഹാപ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിക്ക് മറുപടിയായാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ലെവല്‍ മൂന്ന് ദുരന്തമായി കേരളത്തിലെ പ്രളയത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയദുരന്തം എന്നത് പൊതുസംഭാഷണ പ്രയോഗം മാത്രമാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പ്രളയക്കെടുതിയിലുണ്ടായ നഷ്ടം കണക്കാക്കി സംസ്ഥാന സര്‍ക്കാര്‍ എത്രയും വേഗം കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

നേരത്തെ, കോണ്‍ഗ്രസ്സ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എ കെ ആന്റണി, സിപിഎം ദേശീയ അധ്യക്ഷന്‍ സീതാറാം യച്ചൂരി എന്നിവരും കേരളത്തിലെ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേരളത്തിന് ഇപ്പോള്‍ അനുവദിച്ച തുകയുടെ പതിന്മടങ്ങ് ലഭിക്കുമെന്നും എ കെ ആന്റണി പറഞ്ഞിരുന്നു. കേരളത്തിന് ഇടക്കാല ആശ്വാസമായി 500 കോടിയാണ് കേന്ദ്രം അനുവദിച്ചത്. അടിയന്തിരമായി 2000 കോടി അനുവദിക്കണമെന്നുമായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം.

ഇതിനുപുറമെ രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നും അടിയന്തിരമായ ഭക്ഷ്യധാന്യങ്ങളും, മറ്റ് അവശ്യസാധനങ്ങളും അടിയന്തിരമായി എത്തിച്ചു നല്‍കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപയും, പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Top