പ്രത്യേക സമ്മേളനത്തിനു മുന്നോടിയായി സർവകക്ഷിയോഗം വിളിച്ച് സർക്കാർ

ന്യൂഡൽഹി : അഞ്ചു ദിവസം ചേരുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി, സർക്കാർ സർവകക്ഷിയോഗം വിളിച്ചു. സെപ്റ്റംബർ 18 മുതലാണ് പാർലമെന്റ് സമ്മേളനം. സെപ്റ്റംബർ 17ന് വൈകിട്ട് 4.30 നാണ് സർവകക്ഷി യോഗം. ബന്ധപ്പെട്ട നേതാക്കൾക്ക് ഇമെയിൽ മുഖേന ക്ഷണം അയച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. സർവകക്ഷിയോഗത്തിൽ പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ അജൻഡ ചർച്ച ചെയ്‌തേക്കുമെന്നാണ് വിവരം.

ഇതുവരെ പ്രത്യേക പാർലമെന്റ് സമ്മേളനം ചേരുന്നതിന്റെ അജൻഡ സർക്കാർ വെളിപ്പെടുത്തിയിട്ടില്ല. ഇതു പല ഊഹാപോഹങ്ങൾക്കും വഴിവച്ചിരുന്നു. പ്രത്യേക സമ്മേളനത്തിൽ, രാജ്യത്തിന്റെ ഔദ്യോഗിക നാമം ‘ഇന്ത്യ’ എന്നതിൽ നിന്ന് ‘ഭാരത്’ എന്നാക്കി മാറ്റാനുള്ള പ്രമേയം സർക്കാർ അവതരിപ്പിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. പഴയ പാർലമെന്റ് കെട്ടിടത്തിൽ നിന്ന് പുതിയ പാർലമെന്റ് കെട്ടിടത്തിലേക്ക് ഔപചാരികമായി മാറുന്നതിന്റെ ഭാഗമായാണ് പ്രത്യേക സമ്മേളനമെന്നും ചർച്ചയുണ്ട്.

സർക്കാരിന്റെ പ്രത്യേക സമ്മേളന പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷ നേതാക്കൾ വ്യാപക വിമർശനം ഉന്നയിച്ചിരുന്നു. മറ്റു രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചിക്കാതെയാണ് പ്രത്യേക സമ്മേളനം വിളിച്ചതെന്ന് ചൂണ്ടിക്കാട്ടി മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.

Top