എം.ജി രാജമാണിക്യത്തിനെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി

കൊച്ചി: എറണാകുളം മുന്‍ ജില്ലാ കളക്ടര്‍ എം ജി രാജമാണിക്യത്തിനെതിരെ അഴിമതി നിരോധന നിയമ പ്രകാരം അന്വേഷണം നടത്താന്‍ അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. കൊച്ചി മെട്രോ റെയിലിന് വേണ്ടി ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് സര്‍ക്കാരിന്റെ നീക്കം.

നിലവില്‍ കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എംഡിയാണ് രാജമാണിക്യം. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ചുള്ള വിജിലന്‍സിന്റെ തീരുമാനം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

കൊച്ചി മെട്രോ റെയിലിനായി വസ്ത്ര വ്യാപാര സ്ഥാപനമായ ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്തതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തില്‍ തുടരന്വേഷണത്തിന് മുവാറ്റുപുഴ വിജിലന്‍സ് കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. മെട്രൊ സ്ഥലമേറ്റെടുപ്പിന്റെ വ്യവസ്ഥകളില്‍ ശീമാട്ടിക്ക് മാത്രമായി ഇളവുവരുത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം നടക്കുന്നത്.

Top