ശ്രീലങ്കയില്‍ വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് സര്‍ക്കാര്‍

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ സര്‍ക്കാര്‍ വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. പൊതുഗതാഗത സംവിധാനത്തില്‍ തിരക്ക് കുറക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സര്‍ക്കാര്‍ അറിയിച്ചു. രണ്ട് ആഴ്ചത്തേക്കാണ് വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ അവശ്യ സര്‍വീസുകളിലുള്ള ജോലിക്കാര്‍ ഓഫീസുകളില്‍ എത്തണമെന്ന് നിര്‍ദേശമുണ്ട്.

അസാധാരണ സമയത്തെ അസാധാരണ നടപടി എന്നായിരുന്നു വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചുകൊണ്ട് അധികൃതര്‍ അറിയിച്ചത്. അത്യാവശ്യ ഇറക്കുമതിക്കുള്ള വിദേശ നാണ്യത്തിലുള്ള കുറവാണ് ശ്രീലങ്ക നിലവില്‍ അനുഭവിക്കുന്ന പ്രധാന പ്രതിസന്ധി.

അതേസമയം ശ്രീലങ്കയില്‍ സര്‍ക്കാര്‍ ഓഫീസുകളും സ്കൂളുകളും രണ്ടാഴ്ചത്തേക്ക് അടച്ചുപൂട്ടുന്നതായി പൊതുഭരണ മന്ത്രാലയം ഉത്തരവിട്ടിരുന്നു. രൂക്ഷമായ ഇന്ധന ക്ഷാമത്തെ തുടര്‍ന്നാണ് തീരുമാനം.1948-ല്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ ഭക്ഷണം, മരുന്നുകള്‍, ഇന്ധനം തുടങ്ങിയ അവശ്യവസ്തുക്കളുടെ ഇറക്കുമതിക്ക് പണം നല്‍കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല.

രാജ്യം റെക്കോര്‍ഡ് പണപ്പെരുപ്പവും കടുത്ത വൈദ്യുതി പ്രതിസന്ധിയും നേരിടുകയാണ്. ഈ ആഴ്‌ച ആദ്യം മുതല്‍ സാധാരണ അവധി ദിവസങ്ങള്‍ക്ക് പുറമെ വെള്ളിയാഴ്ചയും അവധി പ്രഖ്യാപിച്ചിരുന്നു. ഇന്ധന ഉപഭോ​ഗം കുറക്കുന്നതിനായാണ് അവധി പ്രഖ്യാപിച്ചത്.

Top