തമിഴ്‌നാട്ടിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

ചെന്നൈ: തമിഴ്‌നാട്ടിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തിങ്കളാഴ്ച മുതല്‍ പകുതിയാളുകളെ പ്രവേശിപ്പിച്ച് തിയറ്ററുകള്‍ തുറക്കാം. അടുത്ത മാസം ഒന്നു മുതല്‍ ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ 50 ശതമാനം കുട്ടികളെ പ്രവേശിപ്പിച്ച് സ്‌കൂളുകള്‍ തുറക്കും.

ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ ക്രമീകരിച്ച് മുഴുവന്‍ കോളേജുകളും അടുത്ത മാസം മുതല്‍ തുറക്കാനും തീരുമാനമായി. രാത്രി 9 വരെ അനുമതി ഉണ്ടായിരുന്ന കടകളുടെ പ്രവര്‍ത്തന സമയം 10 വരെ നീട്ടി. ആഗസ്റ്റ് 16 മുതല്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

ബീച്ചുകളിലേക്കും പാര്‍ക്കുകളിലേക്കും മൃഗശാലകളിലേക്കും നിയന്ത്രണങ്ങളോടെ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിച്ചു. മുഴുവന്‍ സ്റ്റാഫുകളേയും അനുവദിച്ച് ഐടി കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാനും അനുമതി നല്‍കി. മദ്യം വിളമ്പുന്ന പബ്ബുകള്‍ക്കും ക്ലബ്ലുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം. കര്‍ണാടകത്തിലേക്കും ആന്ധ്രയിലേക്കുമുള്ള പൊതുഗതാഗം പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കാനും തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു.

Top