കെ.എസ്.ആര്‍.ടി.സി എം.പാനല്‍ ജീവനക്കാരുടെ സമരം സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്നു: എ.കെ ശശീന്ദ്രന്‍

തിരുവനന്തപുരം: പിരിച്ചുവിട്ട കെ.എസ്.ആര്‍.ടി.സി എം.പാനല്‍ ജീവനക്കാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരത്തിലൂടെ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍.

മനുഷ്യത്വപരമായ നിലപാടും നിയമപരമായ നിലപാടും തമ്മിലുള്ള ഏറ്റുമുട്ടലാണ് നടക്കുന്നതെന്നും സമരം നടത്തുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും പിരിച്ചു വിട്ട എംപാനല്‍ ജീവനക്കാരുടെ അനിശ്ചിതകാല സമരം ഇന്നാണ് ആരംഭിച്ചത്. സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹസമരം നടത്താനാണ് ജീവനക്കാരുടെ തീരുമാനം. സര്‍ക്കാരും തൊഴിലാളി സംഘടനകളും വഞ്ചിച്ചുവെന്നാരോപിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ ശയന പ്രദക്ഷിണവും നടത്തി. സര്‍ക്കാരും തൊഴിലാളി യൂണിയനുകളും വഞ്ചിച്ചെന്നാരോപിച്ചാണ് എംപാനല്‍ ജീവനക്കാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്നത്.

3000ത്തിലേറെ പേര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് സമരക്കാര്‍ അറിയിച്ചിരുന്നു. സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടതിനെതിരെ നിയമ പോരാട്ടം തുടരുമ്പോഴും പ്രത്യക്ഷ സമരത്തിലേക്ക് കടക്കുകയാണ് പിരിച്ചുവിടപ്പെട്ടവരുടെ കൂട്ടായ്മ. പിരിച്ചുവിട്ട നടപടി അശാസ്ത്രീയമെന്നും പുനപരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടി താത്ക്കാലിക ജീവനക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

Top