ടി.പി.സെന്‍കുമാര്‍ ഉള്‍പ്പെട്ട കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ കേന്ദ്രത്തിനു കൈമാറാതെ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍ ഉള്‍പ്പെട്ട കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ (കെഎടി) നിയമന പട്ടിക സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു കൈമാറിയില്ല.

ഇത് സംബന്ധിച്ച് മന്ത്രിസഭ രണ്ടുവട്ടം തീരുമാനിച്ചതാണ്.

30നു വിരമിക്കും മുന്‍പ് സെന്‍കുമാറിനെ ഏതെങ്കിലും അന്വേഷണത്തില്‍ കുടുക്കി അതിന്റെ പേരില്‍ ശുപാര്‍ശ കൈമാറാതിരിക്കാമെന്നാണു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. മന്ത്രിസഭ തീരുമാനമെടുത്താല്‍ ചീഫ് സെക്രട്ടറി അതു പൊതുഭരണ വകുപ്പിനു കൈമാറും. അവിടത്തെ സി സെക്ഷന്‍ വഴിയാണ് ഇതു കേന്ദ്രസര്‍ക്കാരിലേക്ക് അയയ്ക്കുന്നത്. എന്നാല്‍, ഫയല്‍ ഇപ്പോഴും ചീഫ് സെക്രട്ടറിയുടെ ഓഫിസിലാണ്.

‘ശുപാര്‍ശ അയയ്ക്കാന്‍ പറഞ്ഞിരുന്നതാണ്, എന്തു പറ്റിയെന്നു പരിശോധിക്കണം’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പ്രതികരണം.

ട്രൈബ്യൂണലിലെ രണ്ട് അംഗങ്ങളുടെ ഒഴിവില്‍, സെന്‍കുമാറിന്റെയും മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി വി.സോമസുന്ദരത്തിന്റെയും പേരുകളാണു ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ തിരഞ്ഞെടുപ്പ് സമിതി സര്‍ക്കാരിനു ശുപാര്‍ശ ചെയ്തത്. ആറു മാസത്തോളം സര്‍ക്കാര്‍ അനങ്ങിയില്ല. തുടര്‍ന്ന്, ഹൈക്കോടതി നിര്‍ദേശപ്രകാരം ഏപ്രിലില്‍ 20നു വിഷയം മന്ത്രിസഭ പരിഗണിച്ചു. വീണ്ടും അപേക്ഷ ക്ഷണിച്ചു തിരഞ്ഞെടുപ്പു നടത്താനായിരുന്നു തീരുമാനം. ഇതു ഗവര്‍ണര്‍ നിരസിച്ചതോടെ, സര്‍ക്കാരിന്റെ കടുത്ത എതിര്‍പ്പ് അറിയിച്ചു ശുപാര്‍ശ കൈമാറാന്‍ തീരുമാനിച്ചു. അതും ഇതുവരെ നടപ്പായിട്ടില്ല.

ഇതിനിടെ, പൊലീസ് ആസ്ഥാനത്തെ പ്രശ്‌നങ്ങളില്‍ സെന്‍കുമാറിനോടു സര്‍ക്കാര്‍ മൂന്നു വിശദീകരണം തേടി. മറുപടി തൃപ്തികരമല്ലെന്ന പേരില്‍ വിരമിക്കുന്നതിനു മുന്‍പായി അന്വേഷണം നടത്താനാകുമോയെന്നാണ് ഇപ്പോഴത്തെ ആലോചന.

സെന്‍കുമാറിനെതിരെ പൊലീസ് ആസ്ഥാനത്തെ എഐജി: വി.ഗോപാലകൃഷ്ണന്‍ നിയമനടപടി സ്വീകരിക്കുന്നുണ്ടോയെന്നറിയാനും സര്‍ക്കാര്‍ കാത്തിരിക്കുന്നു.

Top